രജൗരി: ജമ്മു കാശ്മീരിലെ രജൗറി ജില്ലയിൽ പാകിസ്ഥാൻ ഇന്നലെ നടത്തിയ വെടിവയ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ഇന്നലെ രാവിലെ സുന്ദർബനി സെക്ടറിലെ കേരി ബെൽറ്റിലുണ്ടായ ആക്രമണത്തിലാണ് റൈഫിൾമാൻ യാഷ് പോൾ (24) കൊല്ലപ്പെട്ടത്. നാല് ജവാൻമാർക്ക് പരിക്കേറ്റു. ബലാക്കോട്ട് വ്യോമാക്രമണത്തിനുശേഷം നിയന്ത്രണരേഖയിൽ തുടർന്നുകൊണ്ടിരിക്കുന്ന പാക് പ്രകോപനം ഇന്നലെ ശക്തമായിരുന്നു. നിയന്ത്രണരേഖയിൽ അഖ്‌നൂർ, സുന്ദർബനി സെക്ടറുകളിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിലും മോട്ടോർ ബോംബ് ആക്രമണത്തിലുമാണ് ജവാൻ കൊല്ലപ്പെട്ടത്. രണ്ടിടത്തും സൈന്യം ശക്തമായ തിരിച്ചടി നൽകി. തിങ്കളാഴ്ച രാത്രിയിലുണ്ടായ പാക് പ്രകോപനത്തിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും നാലു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ജില്ലയിലെ ക്രീരിയിൽ കലന്തര മേഖലയിൽ സുരക്ഷാ സേന തെരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. സേന ശക്തമായി തിരിച്ചടിച്ചു.
മാർച്ചിൽ മാത്രം നിയന്ത്രണരേഖയിൽ നൂറ് തവണയാണ് പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിച്ചത്.
കഴിഞ്ഞ 15 വർഷത്തിനിടെ, 2018ലാണ് ഏറ്റവുമധികം തവണ (2936) പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിച്ചത്.