കോഴിക്കോട് : വടകരയിൽ മത്സരിക്കാൻ ഇടതുപക്ഷത്തുള്ളവർ പോലും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുരുമ്പെടുത്ത കോ-ലീ-ബി ഡയലോഗുമായാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്. മാർക്‌സിസ്റ്റ്, ബി.ജെ.പി സഖ്യത്തെ മാ-ബി എന്നാണ് ഞങ്ങൾ പറയുന്നത്. പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞത് വിശ്വ പുരുഷനും സന്യാസിയും തമ്മിൽ മത്സരിക്കുന്നുവെന്നാണ്. വിശ്വപുരുഷൻ എന്ന് ഉദ്ദേശിച്ചത് ശശി തരൂരിനെയാണ്. സന്യാസി കുമ്മനമാകാനാണ് സാദ്ധ്യത. അപ്പോൾ മത്സരം ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണെന്നാണ് മുഖ്യമന്ത്രി വരെ പറയുന്നത്. എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ മത്സരം വേണമെന്നായിരുന്നു ആഗ്രഹം. ബി.ജെ.പിക്ക് കേരളത്തിൽ ഇടം ഉണ്ടാകരുത്.
വട്ടിയൂർക്കാവിലെ തന്റെ വിജയത്തിനെതിരെ പരാതി കൊടുത്തവരാണ് ബി.ജെ.പി. തന്നെ വ്യക്തിപരമായി പോലും ബുദ്ധിമുട്ടിച്ച കുമ്മനത്തെ ജയിപ്പിക്കാൻ വേണ്ടിയാണ് വടകരയിലേക്ക് വന്നതെന്ന് പറയുന്നത് ശരിയല്ല.