jesintha

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിനെ പിടിച്ചുലച്ച പള്ളികളിലെ ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി ജെസീന്ത ആർഡൻ രാജ്യത്തെ തോക്കു നിയമങ്ങൾ പരിഷ്കരിച്ചതായി ഉത്തരവിറക്കി. പുതിയ നിയമപ്രകാരം രാജ്യത്ത് പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്പന നിരോധിച്ചതായി ജെസീന്ത ഇന്നലെ വ്യക്തമാക്കി. മാർച്ച് 15ന് ക്രൈസ്റ്റ്ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ 50 പേരാണ് കൊല്ലപ്പെട്ടത്.

പിന്നാലെ രാജ്യത്തെ തോക്കു നിയമങ്ങൾ പരിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഏപ്രിൽ 11 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. നിരോധിക്കപ്പെട്ട ആയുധങ്ങൾ കൈവശം വച്ചവരിൽ നിന്ന് അവ തിരിച്ചെടുക്കാനുള്ള നടപടികളും സ്വീകരിക്കും. തോക്കുകൾ കൈവശം വയ്ക്കാനുള്ള സമയപരിധി അവസാനിച്ചതിനു ശേഷവും മടക്കിനൽകിയില്ലെങ്കിൽ പിഴയും തടവും അടക്കമുള്ള ശിക്ഷകൾ നേരിടേണ്ടിവരും. സാധാരണ തോക്കുകളെ പ്രഹരശേഷി കൂടിയ മിലിട്ടറി സ്റ്റൈൽ സെമി ഓട്ടോമാറ്റിക് റൈഫിളുകളാക്കി മാറ്റാനുപയോഗിക്കുന്ന ഉപകരണങ്ങൾക്കും നിരോധനമുണ്ട്.

1996ലെ പോർട്ട് ആർതർ കൂട്ടക്കൊലയ്ക്കുശേഷമാണ് ആസ്ട്രേലിയ സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ നിരോധിച്ചത്. തോക്കുകൾ തിരിച്ചെടുക്കാനും അവർ നടപടി സ്വീകരിച്ചിരുന്നു. അമേരിക്കയിലടക്കം വെടിവയ്പുകൾക്കും കൂട്ടക്കൊലകൾക്കും അക്രമികൾ ഉപയോഗിച്ചിരുന്ന എ.ആർ- 15 റൈഫിളുകളാണ് അന്ന് നിരോധിച്ചത്. ഭീകരാക്രമണം നടന്ന അൽ നൂർ പള്ളിയിലും ലിൻവുഡ് പള്ളിയിലും അറ്റകുറ്റപ്പണികൾ തുടരുകയാണ്.