oil

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രൂഡോയിൽ വില വീണ്ടും കുതിപ്പിന്റെ ട്രാക്കിലേറി. ഉത്‌പാദനം കുറഞ്ഞതും പ്രമുഖ ഉത്‌പാദക രാജ്യങ്ങളായ ഇറാൻ,​ വെനസ്വേല എന്നിവയ്‌ക്കുമേലുള്ള അമേരിക്കൻ ഉപരോധവുമാണ് വിലക്കുതിപ്പിന്റെ പ്രധാന വളം. ബ്രെന്റ് ക്രൂഡ് വില ഇന്നലെ ബാരലിന് അഞ്ച് സെന്റ് ഉയർന്ന്,​ അഞ്ചുമാസത്തെ ഉയർന്ന നിരക്കായ 68.55 ഡോളറായി. കഴിഞ്ഞ നവംബർ 13ന് കുറിച്ച 68.69 ഡോളറിനുശേഷം ക്രൂഡോയിൽ കുറിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്.

യു.എസ്. ക്രൂഡ് വില ബാരലിന് 60.10 ഡോളറാണ്. ഈവർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. അമേരിക്കൻ ഉപരോധമുള്ളതിനാൽ ഇറാൻ,​ വെനസ്വേല എന്നിവിടങ്ങളിൽ നിന്ന് വിപണിയിലേക്ക് ഇപ്പോൾ ആവശ്യത്തിന് ക്രൂഡോയിൽ എത്തുന്നില്ല. ഉത്‌പാദക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഓർഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ് (ഒപെക്)​ ഉത്‌പാദനം വൻതോതിൽ വെട്ടിക്കുറച്ചതും തിരിച്ചടിയാണ്. 2018ൽ പ്രതിദിനം 32.8 ദശലക്ഷം ബാരൽ ക്രൂഡോയിൽ ഒപെക് രാഷ്‌ട്രങ്ങൾ വിപണിയിൽ എത്തിച്ചിരുന്നത്,​ ഇപ്പോൾ 30 ദശലക്ഷം ബാരലിലേക്ക് കുറഞ്ഞു.

അമേരിക്കൻ ഉത്‌പാദനത്തിൽ പത്തു ദശലക്ഷം ബാരലിന്റെ കുറവുണ്ട്. വെനസ്വേലയിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി ഏതാണ്ട് നിലച്ചു. ഇറാനിൽ നിന്ന് ആഗോള വിപണിയിലെത്തുന്ന ക്രൂഡോയിലിൽ പ്രതിദിനം 20 ശതമാനം ഇടിവുണ്ടാക്കാനാണ് ഉപരോധത്തിലൂടെ അമേരിക്കൻ ശ്രമം. അങ്ങനെയായാൽ, ഇറാനിൽ നിന്ന് വിപണിയിലെത്തുന്ന ക്രൂഡോയിൽ പ്രതിദിനം 10 ലക്ഷം ബാരലിന് താഴെയായി കുറയും. കഴിഞ്ഞവാരം അമേരിക്കയിൽ ക്രൂഡോയിൽ ഉത്‌പാദനം റെക്കാഡ് സൃഷ്‌ടിച്ചിരുന്നു. 12.1 ദശലക്ഷം ബാരൽ ക്രൂഡോയിലാണ് കഴിഞ്ഞവാരം അമേരിക്ക ഉത്‌പാദിപ്പിച്ചത്. ഇത്, ലോകത്തെ ഏറ്രവും വലിയ ഉത്‌പാദകരായ റഷ്യ, സൗദി അറേബ്യ എന്നിവയേക്കാൾ കൂടുതലാണ്. വില കൂട്ടാനായി, ഉത്‌പാദനം വെട്ടിക്കുറച്ചതോടെയാണ് കഴിഞ്ഞയാഴ്‌ച റഷ്യയും സൗദിയും അമേരിക്കയ്ക്ക് പിന്നിലായത്.

പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നു

ആഗോള ക്രൂഡോയിൽ വിലയുടെ ചുവടുപിടിച്ച് കേരളത്തിൽ പെട്രോൾ, ഡീസൽ വിലകൾ കുതിച്ചുയരുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 76.03 രൂപയും ഡീസൽ വില ലിറ്ററിന് 71.73 രൂപയുമാണ്. ഈവർഷത്തെ ഏറ്റവും കൂടിയ വിലയാണിത്. ജനുവരി ഒന്നിന് പെട്രോൾ വില 71.82 രൂപയും ഡീസൽ വില 67.41 രൂപയുമായിരുന്നു. ഈവർഷം ഇതുവരെ പെട്രോളിന് 4.21 രൂപയും ഡീസലിന് 4.32 രൂപയുമാണ് കൂടിയത്.

$68.65

രാജ്യാന്തര ക്രൂഡോയിൽ വില (ബ്രെന്റ് ക്രൂഡ്)​ വില ബാരലിന് 68.65 ഡോളർ. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

കുതിപ്പിന് പിന്നിൽ

 വില കൂട്ടാനായി ഉത്‌പാദനം നിയന്ത്രിക്കാനുള്ള ഒപെക് രാഷ്‌ട്രങ്ങളുടെയും റഷ്യയുടെയും തീരുമാനം

 ഇറാൻ,​ വെനസ്വേല എന്നിവയ്ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം