തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ മുഖേന രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട ഉള്ളടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായവിധം പ്രചരിപ്പിച്ചാൽ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സർക്കുലറിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഉദ്യോഗസ്ഥർ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. ചില ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിലൂടെ ഇത്തരം പ്രവർത്തനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സർക്കുലർ.
തിരഞ്ഞെടുപ്പ് അടുത്തതോടെ സോഷ്യൽ മീഡിയയിൽ നടക്കുന്ന രാഷ്ട്രീയ പോരിന് സർക്കാർ ഉദ്യോഗസ്ഥർ വരെ പങ്കാളികൾ ആകുന്നത് പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഔദ്യോഗിക ഗ്രൂപ്പുകളിൽ പോലും ഉദ്യോഗസ്ഥർ രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിച്ചതും അസ്വാരസ്യങ്ങൾക്ക് കാരണമായി. പലയിടത്തും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പലയിടത്തും പരാതികളും ഉയർന്നു. തുടർന്നാണ് ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ പരിഷ്‌ക്കരണ കമ്മിഷൻ നടപടിയെടുക്കുകയായിരുന്നു.