bjp

ന്യൂഡൽഹി : അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബി.ജെ.പിയുടെ കേരളത്തിലെ ആദ്യസ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. അൽഫോൺസ് കണ്ണന്താനം എറണാകുളത്തും ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിലും മത്സരിക്കും. തിരുവനന്തപുരത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകും. കെ. സുരേന്ദ്രൻ മത്സരിക്കുമെന്ന കരുതിയിരുന്ന പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ ആദ്യപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിലെ 13 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

കണ്ണൂരിൽ മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ.പദ്മനാഭനും ചാലക്കുടിയിൽ എ.എൻ.രാധാകൃഷ്ണനും മത്സരിക്കും.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള മത്സര രംഗത്തുണ്ടാകില്ല.പാലക്കാട് വി മുരളീധരൻ വിഭാഗത്തിലെ സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. വൈകിട്ട് ഏഴിന് വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി പട്ടികയെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള സ്വാഗതം ചെയ്തു.

ബി.ജെ.പി 14 സീറ്റുകളിലും ബി.ഡി.ജെ.എസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോൺഗ്രസ് നേതാവ് പി.സി.തോമസിന് കോട്ടയം സീറ്റ് നൽകി. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുക.

രണ്ടാഴ്ചയിലേറെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്.

ഇടത് - വലത് മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രചാരണം ആരംഭിച്ചിട്ടും ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് പ്രചാരണരംഗത്ത് പാർട്ടിയെ പിന്നോട്ടടിച്ചതായി ആക്ഷേപമുണ്ടായിരുന്നു. തിരുവനന്തപുരം ഒഴിച്ച് ബാക്കി 19 സീറ്റുകളിലും സ്ഥാനാർത്ഥികളെക്കുറിച്ച് ധാരണയായത് തന്നെ ഇന്നലെയാണ്.

ഇന്നലെ രാത്രി ചേർന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും പട്ടിക പുറത്തിറക്കിയിരുന്നില്ല. ചൊവ്വാഴ്ചയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്.രാത്രി ഒരു മണി വരെ യോഗം തുടർന്നതിനാൽ അന്ന് പ്രസിദ്ധീകരിക്കാനായില്ല.

ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ചർച്ചകൾ കൂടി പൂർത്തിയായ ശേഷം ഇന്നലെ ഒരുമിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.

തിരുവനന്തപുരം: കുമ്മനം രാജശേഖരൻ,

ആറ്റിങ്ങൽ: ശോഭ സുരേന്ദ്രൻ

കൊല്ലം: കെ.വി.സാബു

ആലപ്പുഴ: കെ.എസ്.രാധാകൃഷ്‌ണൻ

എറണാകുളം: അൽഫോൺസ് കണ്ണന്താനം

ചാലക്കുടി: എ.എൻ.രാധാകൃഷ്ണൻ

പാലക്കാട്: സി.കൃഷ്ണകുമാർ

കോഴിക്കോട്: പ്രകാശ് ബാബു,​
പൊന്നാനി: വി.ടി. രമ

മലപ്പുറം: വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ
കണ്ണൂർ: സി.കെ. പദ്മനാഭൻ
വടകര: വി.കെ.സജീവൻ

കാസർകോഡ്; രവീശ തന്ത്രി