കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലശ്ശേരി പാലയാട് ലീഗൽ സ്റ്റഡീസിൽ എത്തിയ കോൺഗ്രസ് നേതാവ് കെ.സുധാകരനും ശബരിമല പ്രവേശനത്തിലൂടെ ശ്രദ്ധേയയായ ബിന്ദു അമ്മിണിയും തമ്മിൽ നേർക്കുനേർ വാഗ്വാദം. കോളേജ് അദ്ധ്യാപികയായ ബിന്ദുവിന്റെ ക്ലാസിൽ സുധാകരൻ വോട്ട് അഭ്യർത്ഥിക്കാനെത്തിയപ്പോഴാണ് സംഭവം.
ക്ളാസ് മുറിയിൽ വച്ച് സുധാകരൻ നടത്തിയ പ്രസംഗത്തിൽ ശബരിമല വിഷയത്തിൽ ബിന്ദുവിനെ വിമർശിച്ചു. കേരളത്തിൽ സ്ത്രീകൾക്ക് കയറാവുന്ന അയ്യപ്പ ക്ഷേത്രങ്ങൾ വേറെ ഉണ്ടായിട്ടും ശബരിമലയിൽ തന്നെ കയറിയത് കലാപം ലക്ഷ്യംവെച്ചാണെന്നും പ്രശ്നങ്ങൾ ചർച്ച നടത്തി പരിഹരിക്കാമായിരുന്നിട്ടും നിങ്ങൾ കയറിയപ്പോൾ കലാപം ഉണ്ടായത് കണ്ടില്ലേ എന്നും സുധാകരൻ ചോദിച്ചു.
ഒരു ഭൂരിപക്ഷ സമൂഹത്തിന് എതിരെ വരുന്ന ഒരു വിധിയും നാട് അംഗീകരിക്കില്ലെന്നും സുപ്രീം കോടതി വിധി ലംഘിക്കപ്പെട്ട നിരവധി സംഭവങ്ങൾ നാട്ടിലുണ്ടായിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇതൊക്കെ നമുക്ക് ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് സുധാകരൻ സംസാരം നിർത്തിയപ്പോൾ ഭരണഘടനയോ സുപ്രീം കോടതി വിധിയോ താങ്കൾ അംഗീകരിക്കുന്നില്ലെന്നാണോ പറഞ്ഞുവെക്കുന്നതെന്ന് ബിന്ദു ചോദിച്ചു.
അത് തെറ്റാണെന്നും ജനവികാരത്തിനും ഒരു ഭൂരിപക്ഷ സമൂഹത്തിന് എതിരെ വരുന്ന ഒരു വിധിയും നാട് സ്വീകരിക്കില്ലെന്നും തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധിച്ചപ്പോൾ ഒരു നാട് ഇളകിയത് കണ്ടില്ലേയെന്നും സുധാകരൻ വ്യക്തമാക്കി. എന്നാൽ അവിടെ മനുഷ്യനല്ല ഉള്ളത്. മനുഷ്യന് മാത്രമേ ഫണ്ടമന്റൽ റൈറ്റ്‌സ് ഉള്ളൂ. കാളയ്ക്കില്ല എന്ന് ബിന്ദു തിരിച്ചടിച്ചു.
ബിന്ദുവിന്റെ മറുപടി കെെയ്യടിയോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്. നിങ്ങൾ പറഞ്ഞത് മനസിലായില്ല എന്ന് സുധാകരൻ വ്യക്തമാക്കിയപ്പോൾ ഇന്ത്യയിലെ ജനങ്ങൾക്ക് മാത്രമേ മൗലികാവകാശമുള്ളൂവെന്നും ജെല്ലിക്കെട്ടിൽ അഫക്ടഡ് ആയിട്ടുള്ളവർക്ക് അവിടെ ഫണ്ടമെന്റൽ റൈറ്റ് ഇല്ലെന്നും അവിടെ അഫക്ടഡ് ആയത് കാളകളാണെന്നും ബിന്ദു വിശദീകരിച്ചു.
സുപ്രിം കോടതി വിധി ലംഘിക്കപ്പെട്ട നിരവധി സംഭവങ്ങൾ നാട്ടിലുണ്ടെന്നും, സുപ്രീം കോടതി വിധിയല്ല സുപ്രീം പാർലമെന്റാണ് സുപ്രീം എന്നുള്ളതാണെന്നും അതെങ്കിലും മനസിലാക്കണമെന്നും പറഞ്ഞ് സുധാകരൻ ക്ലാസിൽ നിന്നും ഇറങ്ങിപ്പോയി.