ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോടികൾ വെട്ടിച്ച വജ്രവ്യാപാരി നീരവ് മോദിയുടെ കള്ളക്കളികൾ കഴിഞ്ഞ വർഷം ജനുവരി 29നാണ് പുറത്തായത്. ഒരു മാസം തികച്ചില്ല, അതിനു മുമ്പ് കള്ളത്തരങ്ങൾക്ക് കൂട്ടാളിയായ അമ്മാവൻ മെഹുൽ ചോക്സിയെയും സ്വന്തക്കാരെയും കൂട്ടി നീരവ് രാജ്യം വിട്ടു. 15 മാസത്തെ ഒളിവാസത്തിനൊടുവിൽ ബുധനാഴ്ച ലണ്ടനിൽ അറസ്റ്റിലാകും വരെ പ്രോസിക്യൂഷൻ തടയാൻ നീരവ് പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു.
പസഫിക് സമുദ്ര ദ്വീപായ വനുവാതുവിലേക്ക് കടക്കാനായിരുന്നു ആദ്യ പദ്ധതി. ആസ്ട്രേലിയയ്ക്ക് കിഴക്ക് 1750 കിലോമീറ്റർ അകലെയുള്ള ഈ കുഞ്ഞൻ ദ്വീപിലെ പൗരത്വത്തിനായി ശ്രമം നടത്തി. സിംഗപ്പൂരിൽ സ്ഥിരമായി താമസം തരപ്പെടുത്താനും ശ്രമമുണ്ടായി. ഇതിലെല്ലാം സുരക്ഷാ പാളിച്ചകൾ കണ്ടതുകൊണ്ടാകണം മൂന്നാമതൊരു രാജ്യത്ത് സുരക്ഷിത താവളത്തിനായി ലണ്ടനിലെ നിയമവിദഗ്‌ദ്ധരെയും കണ്ടു. ഇതൊന്നും പോരാഞ്ഞ് മുഖം പ്ലാസ്റ്റിക് സർജറി ചെയ്ത് മാറ്റാൻ വരെ തയ്യാറായിരുന്നു പാവം പിടികിട്ടാപ്പുള്ളി. എന്നാൽ ബുധനാഴ്ച ലണ്ടനിൽ അറസ്റ്രിലായതോടെ അടവുകളെല്ലാം വെറുതേയായി.
കഴിഞ്ഞ വർഷം നീരവ് രാജ്യം വിട്ടതു മുതൽ ഇന്ത്യൻ ഏജൻസികൾ ഇയാളുടെ പിന്നാലെയുണ്ടായിരുന്നു. നീരവിന്റെ ഇടയ്ക്കിടെയുള്ള യൂറോപ്പ്, യു.എ.ഇ യാത്രകളും സാമ്പത്തിക ഇടപാടുകളുമെല്ലാം കൃത്യമായി നിരീക്ഷിക്കപ്പെട്ടിരുന്നു.
എന്നാൽ കള്ളത്തരങ്ങളിൽ പങ്കാളിയായ അമ്മാവൻ മെഹുൽ ചോക്സി നീരവിനെക്കാൾ അല്പം മിടുക്കനാണ്. 2017ൽ തന്നെ ആന്റിഗ്വൻ പൗരത്വത്തിനുവേണ്ടി മെഹുൽ ശ്രമിച്ചിരുന്നു. ഇരുവർക്കുമെതിരെ റെഡ്കോർണർ നോട്ടീസയയ്ക്കാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റും സി.ബി.ഐയും ഇന്റർപോളിനെ സമീപിച്ചപ്പോഴും അമ്മാവൻ മിടുക്കു കാട്ടി. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് കാട്ടി മെഹുൽ ചോക്സി നോട്ടീസിന് വിശദീകരണം നൽകി. എന്നാൽ ഇന്ത്യയ്ക്ക് പുറത്ത് തന്നെ ആരും പിടിക്കില്ലെന്ന അമിത ആത്മവിശ്വാസത്തിൽ നീരവ് വിശദീകരണം നൽകിയതുമില്ല.
അന്താരാഷ്ട്രതലത്തിൽ സൂക്ഷ്മമായ അന്വേഷണങ്ങൾ നടത്തിയാലും നീരവിനെ പൂട്ടാനുള്ള തെളിവുകളാണ് ഇന്റർപോളിന്റെ കൈവശമുള്ളത്. ചോക്‌സിയെ പിടികൂടാനും ഇന്ത്യ ശക്തമായി ശ്രമം തുടരുകയാണ്.