bjp-

കൊച്ചി: തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യപ്രചാരണ വിഷയം ആക്കണമെന്ന് ആർ.എസ്.എസ്. കൊച്ചിയിൽ നടന്ന ആർ.എസ്.എസ് സമന്വയ ബൈഠക്കിന്റേതാണ് തീരുമാനം സ്ഥാനാർത്ഥി നിർണയത്തിലേതുൾപ്പെടെ നിർണായക ഇടപെടലുകൾ നടത്തിയ ആർ.എസ്.എസിന്റെ ഈ തീരുമാനവും സംസ്ഥാനത്ത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾപ്പെടുത്തേണ്ടിവരും.

എതിർപ്പുകൾക്കിടയിലും ആർ.എസ്.എസ് സമന്വയ ബൈഠക്കിൽ പങ്കെടുക്കാൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള എത്തിയിരുന്നു. ആർ.എസ്.എസിന്റെ താത്പര്യപ്രകാരമാണ് പത്തനംതിട്ടയിൽ അവസാന നിമിഷം പിള്ളയുടെ പേര് വെട്ടിയത്. പട്ടികയിൽ പിള്ളക്ക് മാത്രമല്ല കൃഷ്ണദാസ് പക്ഷത്തിനും അതൃപ്തിയുണ്ട്. പത്തനംതിട്ട ഇല്ലെന്ന ഉറപ്പിച്ച എം.ടി രമേശ് നേരത്തെ പിന്മാറിയിരുന്നു.

ആറ്റിങ്ങൽ ഉറപ്പിച്ചിരുന്ന പി.കെ. കൃഷ്ണദാസ് സ്വന്തം ഗ്രൂപ്പിലെ ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാൻ സീറ്റ് വിട്ടുകൊടുത്ത് മത്സരരംഗത്തു നിന്നും മാറി. തിരുവനന്തപുരത്ത് സ്വതന്ത്രനായി ഇറങ്ങുമെന്ന ഭീഷണി ഉയർത്തിയ മുതിർന്ന നേതാവ് പി.പി. മുകുന്ദൻ കുമ്മനത്തിന് പിന്തുണ പ്രഖ്യാപിച്ച് പിന്മാറുകയായിരുന്നു.