ഓച്ചിറ: രാജസ്ഥാൻ കുടുംബത്തിലെ 14 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി മുഹമ്മദ് റോഷന്റെ കൂട്ടാളികളായ മൂന്നുപേരെ പൊലീസ് അറസ്‌റ്ര് ചെയ്തു.ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി ഓച്ചിറ പായിക്കുഴി മോഴൂർതറയിൽ പ്യാരി (19), പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ഓടിച്ച പായിക്കുഴി കുറ്റിത്തറയിൽ അനന്തു (20), ചങ്ങൻകുളങ്ങര തണ്ടാശ്ശേരിൽ തെക്കതിൽ വിപിൻ (18) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കരുനാഗപ്പള്ളി കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കാർ വാടകയ്‌ക്ക് എടുത്തു നൽകിയ ഇവരുടെ സുഹൃത്തിനെയും ബന്ധുവായ കാർ ഉടമയെയും കസ്റ്റഡിയിൽ എടുത്തെങ്കിലും നേരിട്ട് പങ്കില്ലാത്തതിനാൽ വിട്ടയച്ചു. പ്യാരിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ ചെയ്‌തു.
അതേസമയം, ബംഗളൂരുവിലേക്ക് കടന്നെന്നു കരുതുന്ന മുഖ്യപ്രതി റോഷനെയും പെൺകുട്ടിയെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ഓച്ചിറ എസ്.ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്.