കൊല്ലം: സർക്കാർ നിലപാടിന് വിരുദ്ധമായി ആര്യങ്കാവ് പ്രിയ എസ്റ്റേറ്റിന്റെ കരം സ്വീകരിച്ച നടപടിയിൽ പുനലൂർ ആർ.ഡി.ഒയുടെയും തഹസിൽദാരുടെയും ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി എ.ഡി.എം ജെ.മോബി ജില്ലാകളക്ടർ ഡോ.എസ്.കാർത്തികേയന് റിപ്പോർട്ട് നൽകി. എ.ഡി.എമ്മിന്റെ റിപ്പോർട്ട് ഉടൻ കളക്ടർ സർക്കാരിന് കൈമാറും.
പ്രിയ എസ്റ്റേറ്റിന്റെ നികുതി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ഇതിനിടെ ഫെബ്രുവരി 18ന് നികുതി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രിയ എസ്റ്റേറ്റ് ഉടമകൾ അപേക്ഷ നൽകി. തൊട്ടടുത്ത ദിവസം തന്നെ 19 ഏക്കർ സ്ഥലത്തിന്റെ കരം ആര്യങ്കാവ് വില്ലേജ് ഓഫീസർ സ്വീകരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി. പിന്നീട് കരം സ്വീകരിച്ച നടപടിയും റദ്ദാക്കി.
കുറ്റം പൂർണമായും വില്ലേജ് ഓഫീസറുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമായതോടെയാണ് കളക്ടർ വിശദ അന്വേഷണത്തിന് എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയത്. പ്രിയ എസ്റ്റേറ്റിന്റെ അപേക്ഷയിൽ വിശദമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന കുറിപ്പോടെയാണ് കളക്ടർ പുനലൂർ ആർ.ഡി.ഒക്ക് കൈമാറിയത്. പുതുതായി രൂപീകരിച്ച ആർ.ഡി.ഒ ഓഫീസിൽ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ഇല്ലാത്തതിനാൽ കളക്ടറുടെ റിപ്പോർട്ട് തഹസിൽദാർക്കും പിന്നീട് വില്ലേജ് ഓഫീസറുടെയും മുന്നിലെത്തി. പക്ഷെ ഇതിനിടെ കളക്ടർ നിർദ്ദേശിച്ച പ്രകാരമുള്ള പരിശോധനകൾ നടത്താതെ വേഗത്തിൽ കരം സ്വീകരിക്കുകയായിരുന്നു.