പാലക്കാട്: ചെർപ്പുളശേരിയിലെ പാർട്ടി ഓഫീസിൽ വച്ച് പെൺകുട്ടി പീഡനത്തിന് ഇരയായെന്ന ആരോപണത്തിൽ പ്രതികരിച്ച് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. ബലാത്സംഗത്തെയും പീഡനത്തെയും തമാശരൂപേണ അവതരിപ്പിച്ച വിടി.ബൽറാമിനെതിരെ ദീപ തുറന്നടിച്ചു. '' കെടക്കണ കെടപ്പ് കണ്ടില്ലേ? ഒരു റേപ്പങ്ങട്ട് വെച്ച് തന്നാലുണ്ടല്ലോ.. എന്ന് ഈപ്പൻ പാപ്പച്ചി വില്ലനായ സിനിമയിൽ നായകൻ നായികയെ നോക്കി പറയുമ്പോൾ പൊട്ടിച്ചിരികളാൽ അതിനെ പ്രോത്സാഹിപ്പിക്കുന്ന നമുക്ക് 'Rape is not a a joke ' എന്ന വാചകമാണ് കടുത്ത അശ്ലീലം. ദീപ നിശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.
ചെർപ്പുളശേരിയിലെ പീഡന വാർത്തയെ തുടർന്ന് വി.ടി ബൽറാം എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് ദീപ ഇവർക്കെതിരെ വിമർശനം ഉയർത്തുന്നത്. ഹരി മോഹന്റെ കുറിപ്പും ഇതിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കെടക്കണ കെടപ്പ് കണ്ടില്ലേ? ഒരു റേപ്പങ്ങട്ട് വെച്ച് തന്നാലുണ്ടല്ലോ.. എന്ന് ഈപ്പൻ പാപ്പച്ചി വില്ലനായ സിനിമയിൽ നായകൻ നായികയെ നോക്കി പറയുമ്പോൾ പൊട്ടിച്ചിരികളാൽ അതിനെ പ്രോത്സാഹിപ്പിക്കുന്ന നമുക്ക് 'Rape is not a a joke ' എന്ന വാചകമാണ് കടുത്ത അശ്ലീലം..
Hari Mohan എഴുതിയതു കൂടി കൂട്ടിച്ചേർക്കുന്നു.
ചെർപ്പുളശ്ശേരി സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിൽവെച്ചു യുവതി ബലാത്സംഗത്തിനിരയായെന്ന വാർത്തയുടെ നിജഃസ്ഥിതി പുറത്തുവരട്ടെ. അതിന്റെ മെറിറ്റിനെ സംബന്ധിച്ചല്ല ഈ പോസ്റ്റ്. വാർത്ത രാഷ്ട്രീയമായി ഉപയോഗിക്കുന്നവരോട് എതിർപ്പില്ല, അതങ്ങനെ വേണമല്ലോ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്തുനിൽക്കവേ. പക്ഷേ ഒരു സ്ത്രീ ലൈംഗികാതിക്രമത്തിനിരയായി എന്നറിയുമ്പോൾ ആ വിഷയത്തിന്റെ ഗൗരവം തൊട്ടുതീണ്ടാത്ത പോസ്റ്റുകളാണിപ്പോ ടൈംലൈനിൽ നിറയുന്നത്.
അതില്‍ ചിലത്:
1) പാർട്ടി ഓഫീസിൽ നിന്ന് അവസാനം പോകുന്നവർ ഫാനും ലൈറ്റും ഓഫ് ചെയ്യേണ്ടതാണ്.
2) ഫാനും ലൈറ്റും ഓഫാക്കിയില്ലെങ്കിലും ഊരിവെച്ച അണ്ടർവെയര്‍ എടുക്കാൻ മറക്കരുത്.
3) ഫാനും ലൈറ്റും ഓഫാക്കണമെന്നു പറഞ്ഞപ്പോൾ മണിയാശാൻ ഇത്ര ദീർഘവീക്ഷണമുള്ളയാളാണെന്നു മനസ്സിലായില്ല
5) പാർട്ടി ഓഫീസിൽ തൊഴിലാളി നേതാക്കൾക്കുള്ള മുറിയുടെ പുറത്ത് ഇംഗ്ലീഷ് ശരിക്കും അറിയാത്ത ഏതോ ഒരു സഖാവ് Labour Room എന്ന് ബോർഡ് എഴുതിവച്ചു.
അത്രേ ഉണ്ടായുള്ളൂ. പ്രമുഖരും ജനപ്രതിനിധികളും അടക്കമുള്ളവരുണ്ട് ഈ പോസ്റ്റുകളുടെ സൃഷ്ടാക്കൾ. ബലാത്സംഗത്തെ എതിര്‍ക്കുമ്പോഴും സ്ത്രീയുടെ നിസ്സഹായാവസ്ഥയെ ഇത്തരം തമാശകളിലൂടെ ആസ്വദിക്കുകയെന്നതു ചികിത്സ വേണ്ട ഒരുതരം മാനസികനിലവാരം തന്നെയാണ്. നിർഭയക്കും കഠുവയിലെ പെൺകുട്ടിക്കും നീതി ലഭിക്കാൻ വേണ്ടി മെഴുകുതിരി കത്തിച്ചവരുമുണ്ട് ഇക്കൂട്ടത്തിൽ എന്നുള്ളതു ഭയപ്പെടുത്തുന്നുണ്ട്. അവളുടെ ശരീരത്തിലേറ്റ മുറിവുകളേക്കാൾ അങ്ങേയറ്റം വേദനയുളവാക്കുന്നതാണു നിങ്ങളുടെയീ വെർബൽ റേപ്പ്. റേപ്പിസ്റ്റുകൾ എന്നതിൽക്കവിഞ്ഞൊന്നും നിങ്ങളെ വിളിക്കാൻ തോന്നുന്നില്ല കൂട്ടരേ.. "