സോൾ :സൗത്ത് കൊറിയയിലെ ഹോട്ടലുകളിൽ താമസിച്ചിരുന്ന ഹോട്ടലുകളിൽ താമസിച്ചവരുടെ സ്വകാര്യനിമിഷങ്ങൾ ഒളിക്യാമറയിൽ പകർത്തി തത്സമയ സംപ്രേക്ഷണം നടത്തി. വെബ്സൈറ്റ് വഴിയായിരുന്നു സംപ്രേഷണം. ദക്ഷിണ കൊറിയയിലെ പത്ത് നഗരങ്ങളിലെ 30 ഹോട്ടലുകളിൽ 42 ക്യാമറകൾ ഘടിപ്പിച്ചായിരുന്നു 1600ഓളം പേരുടെ സ്വകാര്യനിമിഷങ്ങൾ സംപ്രേക്ഷണം ചെയ്തത്. ഇതിനായി ഡിജിറ്റൽ ടി.വി ബോക്സുകൾ, ചുമരിലുള്ള സോക്കറ്റുകൾ, ഹെയർ ഡ്രൈയറുകൾ എന്നിവയുടെ ഉള്ളിൽ രഹസ്യ കാമറ ഘടിപ്പിച്ചു. വെബ്സൈറ്റിൽ പ്രത്യേക പാക്കേജുകൾ എന്ന രീതിയിൽ പണമടയ്ക്കുന്നവർക്ക് തത്സമയം ദൃശ്യങ്ങൾ ലഭ്യമാക്കുകയായിരുന്നു ഉദ്ദേശം.
ദൃശ്യങ്ങൾ ലൈവായി കാണാനും നേരത്തെ ഉള്ളവ കാണാനുമായി പ്രതിമാസം 4000 രൂപ അടച്ച് സൈറ്റിന്റെ പാക്കേജ് 97 പേർ സ്വന്തമാക്കി. 4000 അംഗങ്ങളാണ് വിവിധ പാക്കേജുകളിലായി സൈറ്റിൽ അംഗങ്ങളായുള്ളത്. 2018 നവംബർ മുതൽ ഈ വർഷം മാർച്ച് വരെ അഞ്ച് ലക്ഷത്തോളം രൂപ ഇതുവഴി സമ്പാദിച്ചതായും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നേരത്തെയും ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തുന്ന സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും തത്സമയം സംപ്രേഷണം ചെയ്യുന്നത് ആദ്യമായിട്ടാണെന്ന് പൊലീസ് പറയുന്നു. എന്റെ സ്വകാര്യത നിങ്ങളുടെ അശ്ലീലമല്ല എന്ന മുദ്രാവാക്യവുമായി ഇത്തരം സംഭവത്തിനെതിരെ നിരവധി സ്ത്രീകൾ കഴിഞ്ഞ വർഷം തെരുവിലിറങ്ങിയിരുന്നു. തുടർന്ന് പരിശോധനകളടക്കമുള്ള സംവിധാനങ്ങൾ ശക്തമാക്കിയതിന് പിന്നാലെയാണ് പുതിയ സംഭവം.