ഓച്ചിറ: നാലു ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്താത്തതിൽ പ്രതിഷേധവുമായി രാഷ്ട്രീയ കക്ഷികൾ രംഗത്ത്. ബി.ജെ.പി എം.പി സുരേഷ് ഗോപി പെൺകുട്ടിയുടെ വീട്ടിലെത്തിയത് നാടകീയ രംഗങ്ങൾ സൃഷ്‌ടിച്ചു. ഇന്നലെ രാവിലെ പത്തോടെ എത്തിയ അദ്ദേഹം പെൺകുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി അന്വേഷണ പുരോഗതി അറിയിക്കണമെന്ന് സുരേഷ് ഗോപി പരസ്യമായി ആവശ്യപ്പെട്ടതോടെ ഉദ്വേഗം ഉടലെടുത്തു. സുരേഷ് ഗോപി എത്തിയെന്നറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടിയിരുന്നു. എന്നാൽ വിവരം അറിഞ്ഞിട്ടും പൊലീസുകാർ എത്തിയില്ല. രണ്ടു മണിക്കൂർ കാത്തിരുന്ന സുരേഷ് ഗോപി കൊല്ലം പൊലീസ് കമ്മിഷണർ പി.കെ. മധുവുമായി ഫോണിൽ സംസാരിച്ചു.
അതിനിടെ കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണയുടെ നേതൃത്വത്തിൽ ഒരു സംഘം വീട്ടിലേക്ക് കയറിയതോടെ പുറത്തിറങ്ങിയ സുരേഷ് ഗോപി പന്ത്രണ്ടു മണിയോടെ മടങ്ങി. വീട്ടുകാർക്ക് ഭക്ഷണം വിളമ്പാനുള്ള ഒരുക്കത്തോടെയായിരുന്നു ബിന്ദു കൃഷ്‌ണയും സംഘവും എത്തിയത്.
അടുത്തത് സി.പി.എമ്മിലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയുടെയും സൂസൻകോടിയുടെയും ഊഴമായി. കോൺഗ്രസുകാർ ഇവരെ കൂവിവിളിക്കുകയും സന്ദർശനം എതിർക്കുകയും ചെയ്‌തതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമായി. എതിർപ്പ് വകവയ്‌ക്കാതെ അവർ കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷമാണ് മടങ്ങിയത്. ഒരു മണിയോടെ ബിന്ദു കൃഷ്‌ണയും സംഘവും മടങ്ങി.