സോൾ: ദക്ഷിണകൊറിയയിൽ വിവിധ നഗരങ്ങളിലെ 30 ഹോട്ടലുകളിലെ 42 മുറികളിലായി ഒളികാമറകൾ സ്ഥാപിച്ച് 1600 അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി തത്സമയം സംപ്രേക്ഷണം ചെയ്ത നാല് യുവാക്കൾ അറസ്റ്റിലായി. ഹോട്ടൽ മുറികളിലെ ഭിത്തികളിലും വസ്തുക്കളിലും ഘടിപ്പിച്ച രഹസ്യ കാമറകൾ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
ദക്ഷിണ കൊറിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ചാരപ്പണികളിലൊന്ന് എന്നായിരുന്നു രാജ്യാന്തര ദ്മാധ്യമങ്ങൾ സംഭവത്തെ വിശേഷിപ്പിച്ചത്. ഹോട്ടൽ മുറിയിലെ അതിത്ഥികളുടെ സ്വകാര്യ സംഭാഷണങ്ങളും കുളിമുറിയിലെ രംഗങ്ങളും ലൈംഗിക ദൃശ്യങ്ങളും പ്രാഥമിക കൃത്യങ്ങളും വരെ ഇടപാടുകാരുടെ കമ്പ്യൂട്ടറുകളിൽ തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നു.
3000 രൂപ നൽകി അംഗമായി ചേർന്നിട്ടുളള 4000 പേർക്കാണു ദൃശ്യങ്ങൾ നൽകിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് ദൃശ്യങ്ങൾ ചോർന്നത്. നവംബറിൽ പ്രതികൾ ഒരു വെബ്സൈറ്റ് നിർമ്മിച്ച് ദൃശ്യങ്ങൾ അപ്‍ലോഡ് ചെയ്യുകയും ചെയ്തു. എണ്ണൂറോളം വിഡിയോ ദൃശ്യങ്ങളാണു പ്രതികൾ ഇത്തരത്തിൽ അപ‍്‍ലോഡ് ചെയ്തത്.
സംഭവം പുറത്തുവന്നതിനു പിന്നാലെ 'എന്റെ ജീവിതം നിങ്ങൾക്ക് നീലച്ചിത്രമാക്കാനുള്ളതല്ല" എന്ന മുദ്രാവാക്യം മുഴക്കി ആയിരക്കണക്കിനു യുവതികൾ തെരുവിലിരങ്ങി.