modi-


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലെ 184 പേരുടെ ആദ്യപട്ടിക ബി.ജെ.പി പുറത്തിറക്കി. ഉന്നത നേതാവും സിറ്റിംഗ് എം. പിയുമായ എൽ. കെ അദ്വാനിയെ ഒഴിവാക്കി.

അതേസമയം, പത്തനംതിട്ടയെയും കെ. സുരേന്ദ്രനെയും പ്രഖ്യാപിക്കാതെ കേരളത്തിലെ സ്ഥാനാർത്ഥി ലിസ്റ്റും ഇന്നലെ പ്രഖ്യാപിച്ചു.

നരേന്ദ്രമോദി യു.പിയിലെ വാരണാസിയിൽ വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണത്തെ പോലെ മോദി രണ്ടിടത്ത് മത്സരിക്കുമെന്നും ഒഡിഷയിലെ പുരിയാകും രണ്ടാമത്തെ സീറ്റെന്നും റിപ്പോർട്ടുണ്ടായിരുന്നു. 2014ൽ വഡോദരയിലും മോദി ജയിച്ചിരുന്നു.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും രാജ്യസഭാംഗവുമായി അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് ജനവിധി തേടും. മുതിർന്ന നേതാവും സിറ്റിംഗ് എം.പിയുമായ എൽ.കെ. അദ്വാനിയെ മാറ്റിയാണ് ആ സീറ്റ് അമിത് ഷായ്‌ക്ക് ലോക്സഭയിലേക്കുള്ള കന്നിയങ്കത്തിന് നൽകിയത്.

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ യു.പിയിലെ അമേതിയിൽ ഇത്തവണയും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി മത്സരിക്കും. 2014ൽ അമേതിയിൽ രാഹുലിന്റെ ഭൂരിപക്ഷം കുറച്ച് മിന്നുന്ന പ്രകടനമായിരുന്നു സ്മൃതി ഇറാനിയുടേത്. കേന്ദ്രമന്ത്രി മേനകാ ഗാന്ധി, മകൻ വരുൺഗാന്ധി എന്നിവരും ആദ്യ ലിസ്റ്റിൽ ഇല്ല.

ബീഹാറിൽ ബി. ജെ. പി മത്സരിക്കുന്ന 17 സീറ്റുകളിലെ സ്ഥാനാർത്ഥികളെയും നിശ്‌ചയിച്ചു. അവിടെ ഘടകകക്ഷികൾക്കൊപ്പമായിരിക്കും പ്രഖ്യാപനം. യു. പി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, പശ്‌ചിമബംഗാൾ,രാജസ്ഥാൻ,അരുണാചൽ പ്രദേശ്, ത്രിപുര സംസ്ഥാനങ്ങലിലെ സ്ഥാനാർത്ഥികളും ലിസ്റ്റിൽ ഉൾപ്പെടുന്നു.

ലിസ്റ്റിലെ മറ്റ് പ്രമുഖർ

നിതിൻ ഗഡ്കരി - നാഗ്പൂർ

രാജ്നാഥ് സിംഗ് - ലക്നൗ

വി.കെ സിംഗ് - ഗാസിയാബാദ്

സാക്ഷി മഹാരാജ് -ഉന്നാവോ

ഹേമമാലിനി - മഥുര

കിരൺറിജിജു - അരുണാചൽ ഈസ്റ്റ്

രാജ്യവർദ്ധൻസിംഗ് റാത്തോഡ് - ജയ്പൂർ റൂറൽ

ഡി.വി സദാനന്ദ ഗൗഡ - ബാംഗ്ലൂർ നോർത്ത്

അനന്ത്കുമാർ ഹെഗ്ഡെ - ഉത്തരകന്നഡ

നളിൻകുമാർ ഖട്ടീൽ - ദക്ഷിണ കന്നഡ

തമിഴ്‌നാട്ടിൽ 5

തമിഴിസൈ സൗന്ദരരാജൻ - തൂത്തുക്കുടി

എച്ച് - രാജ - ശിവഗംഗ

പൊൻരാധാകൃഷ്ണൻ - കന്യാകുമാരി

സി. പി. രാധാകൃഷ്‌ണൻ -കോയമ്പത്തൂർ

നയിനാർ നാഗേന്ദ്രൻ - രാമനാഥപുരം

അദ്വാനിയെ തഴയുന്നു

1991 മുതൽ ആറു തവണ (1991, 1998, 1999, 2004, 2009 ,2014) അദ്വാനിയെ വിജയിപ്പിച്ച ബി.ജെ.പി കോട്ടയാണ് ഗാന്ധിനഗർ. ബി.ജെ.പിയുടെ സ്ഥാപകനേതാക്കളിലൊരാളും പാർട്ടിയെ വളർത്തുന്നതിൽ നി‌ർണായക പങ്കുംവഹിച്ച 91കാരനായ അദ്വാനിയുടെ പാർലമെൻററി രാഷ്ട്രീയ ജീവിതത്തിന് അന്ത്യംകുറിക്കുന്ന തീരുമാനമാണിത്. 75 കഴിഞ്ഞവർ മത്സരിക്കേണ്ടെന്ന് നേരത്തെ കേന്ദ്രനേതൃത്വം തീരുമാനിച്ചിരുന്നു. മുതിർന്ന നേതാവ് മുരളീ മനോഹർ ജോഷിയുടെ സിറ്റിംഗ് മണ്ഡലമായ കാൺപൂർ ആദ്യ ലിസ്റ്റിൽ ഇല്ല.

കേരളത്തിലെ സ്ഥാനാർത്ഥികൾ

കാസർകോട് - രവീശ തന്ത്രി കുണ്ടാർ, കണ്ണൂർ - സി.കെ. പദ്മനാഭൻ, വടകര - വി.കെ സജീവൻ, കോഴിക്കോട് - പ്രകാശ് ബാബു, മലപ്പുറം - വി.ഉണ്ണികൃഷ്ണൻ,
പൊന്നാനി പ്രൊഫ.വി.ടി രമ, പാലക്കാട് - സി.കൃഷ്ണകുമാർ, ചാലക്കുടി - എ.എൻ രാധാകൃഷ്ണൻ,എറണാകുളം - അൽഫോൺസ് കണ്ണന്താനം ,ആലപ്പുഴ- ഡോ. കെ.എസ് രാധാകൃഷ്ണൻ ,കൊല്ലം - കെ.വി സാബു, ആറ്റിങ്ങൽ - ശോഭാ സുരേന്ദ്രൻ.തിരുവനന്തപുരം - കുമ്മനം രാജശേഖരൻ,

- പത്തനംതിട്ട പ്രഖ്യാപനം പിന്നീട്