ന്യൂഡൽഹി: ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടികയുമായി ബി.ജെ.പിയുടെ വെബ്സൈറ്റ് ഒടുവിൽ തിരിച്ചെത്തി. www.bjp.org എന്ന വെബ്സൈറ്റാണ് ഹാക്കർമാരുടെ ആക്രമണത്തിന് ശേഷം ഇന്ന് ഉയിർത്തെഴുന്നേറ്റത്. എന്നാൽ സ്ഥാനാർത്ഥി പട്ടിക മാത്രമാണ് പുതുക്കിയ വെബ്സൈറ്റിൽ ഉള്ളത്
'ഫിർ ഏക് ബാർ മോദി സർക്കാർ' എന്ന വലിയ ബാനറും അതിന് താഴെ സ്ഥാനാർത്ഥി പട്ടികയും എന്ന നിലയിലാണ് ഇപ്പോൾ ബി.ജെ.പിയുടെ ഔദ്യോഗിക വെബ്സൈറ്റ്.
ഈ മാസം അഞ്ചാം തീയതിയായിരുന്നു ബി.ജെ.പിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.bjp.org ഹാക്കർമാർ തകർത്തത്. ഇനിയും വെബ്സൈറ്റ് പൂർണതോതിൽ തിരിച്ചു കൊണ്ടു വരാൻ ബിജെപി ഐ.ടി വിഭാഗത്തിന് കഴിഞ്ഞിട്ടില്ല എന്നത് ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുകയാണ്. ആരാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നോ എന്തൊക്കെ വിവരങ്ങളാണ് നഷ്ടപ്പെട്ടതെന്നോ ഇനിയും വ്യക്തമായിട്ടില്ല. എന്തായാലും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വെബ്സൈറ്റ് തിരിച്ചു കൊണ്ടു വരാൻ സാധിച്ചു എന്ന ആശ്വാസത്തിലാണ് ബി.ജെ.പി ഐ.ടി സെൽ.