ന്യൂഡൽഹി: ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്. മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക് സീറ്റ് നൽകാത്തതിനെയാണ് കോൺഗ്രസ് വിമർശിച്ചത്. ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിൽ അദ്വാനിക്ക് പകരം ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ആണ് മത്സരിക്കുന്നത്.
അദ്വാനിയുടെ രാഷ്ട്രീയ ജീവിതത്തിന് അവസാനമിടാനാണ് ഈ തിരഞ്ഞെടുപ്പിലൂടെ കളമൊരുങ്ങുന്നതെന്നാണ് സൂചന.
ഇതിനെ വിമർശിച്ചാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘എൽ.കെ അദ്വാനിയുടെ പാർലമെന്റ് സീറ്റ് പാർട്ടി പിടിച്ചെടുത്തു. അദ്വാനിയെ ബഹുമാനിക്കാൻ കഴിയാത്ത മോദി എങ്ങനെയാണ് ജനങ്ങളുടെ ആഗ്രഹങ്ങളെ ബഹുമാനിക്കുക?,’ സുർജേവാല ചോദിച്ചു. ബി.ജെ.പിയെ നീക്കം ചെയ്ത് രാജ്യത്തെ രക്ഷിക്കാൻ ആഹ്വാനം ചെയ്താണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിക്കുന്നത്.
ഉത്തർപ്രദേശിലെ വരാണസിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കും.. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ലക്നൗവില്‍ നിന്നും നിതിൻ ഗഡ്കരി നാഗ്പൂരിൽ നിന്നും മത്സരിക്കും. രണ്ടാം തവണയും രാഹുൽ ഗാന്ധിയോടാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പോരാടാനിറങ്ങുന്നത്. 2014ലെ തിരഞ്ഞെടുപ്പിൽ തോറ്റ അമേഠിയിൽ നിന്ന് തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്.