മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചരിത്ര നായകന്റെ ജീവിതകഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. തന്റെ സിനിമയെയും കുഞ്ഞാലി മറയ്ക്കാരെ കുറിച്ചുമുള്ള ഒാർമ്മകൾ പങ്കുവയ്ക്കുകയാണ് മോഹൻലാൽ. ബ്ലോഗെഴുത്തിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറയുന്നത്.
പ്രിയദൻശനും താനും ചേർന്നുള്ള നാൽപ്പത്തിഅഞ്ചാമത്തെ സിനിമയാണിത്. ഒരു സിനിമയുടെ ചിത്രീകരണവേളയിൽ തിരക്കഥാകൃത്ത് ടി. ദാമോദരന്‍ മാസ്റ്ററാണ് കുഞ്ഞാലിമരയ്ക്കാറുടെ ജീവിതത്തിൽ ഒരു വലിയ സിനിമയുടെ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞതെന്നും മോഹൻലാൽ ഒാർക്കുന്നു.
മോഹൻലാലിന്റെ ബ്ലോഗിന്റെ പൂർണരൂപം
ഏതെങ്കിലും ഒരു കാര്യത്തിനുവേണ്ടി നിങ്ങൾ അത്രമേൽ ആത്മാർഥമായിട്ടാണ് ആഗ്രഹിക്കുന്നത് എങ്കിൽ അതു സാധിച്ചുതരാനും നേരിടെുക്കാനുമായി ഈ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കൊപ്പം ഉണ്ടാവും എന്ന് ആരോ എഴുതിയിട്ടുണ്ട്. അത് തീർത്തും ശരിയാണ് എന്ന്... 'മരയ്ക്കാർ... അറബിക്കടലിന്റെ സിംഹം' എന്ന സിനിമയുടെ എന്റെ അവസാനത്തെ ഷോട്ട് എടുത്തപ്പോൾ എനിക്ക് മനസ്സിലായി ബോധ്യമായി. അറിയുന്നതും അറിയാത്തതുമായ പ്രപഞ്ചശക്തികളുടെ അനുഗ്രഹവും സഹായവും ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഈ സിനിമ ചിത്രീകരിച്ചുതീർക്കാന്‍ സാധിക്കില്ലായിരുന്നു.
പ്രിയദര്‍ശനും ഞാനും ചേർന്നുള്ള നാൽപ്പത്തിഅഞ്ചാമത്തെ സിനിമയാണിത്. ഒരു സിനിമയുടെ ചിത്രീകരണവേളയില്‍ തിരക്കഥാകൃത്ത് ടി. ദാമോദരന്‍ മാസ്റ്ററാണ് കുഞ്ഞാലിമരയ്ക്കാറുടെ ജീവിതത്തില്‍ ഒരു വലിയ സിനിമയുടെ സാദ്ധ്യതയുണ്ടെന്ന് ഞങ്ങളോട് പറഞ്ഞത്. ചരിത്രത്തിന്റെ വലിയ ഒരു വായനക്കാരനായിരുന്നു മാസ്റ്റർ. അതുപോലെ തന്നെ പ്രിയദർശനും പ്രിയദർശൻ സംവിധാനം ചെയ്ത് ഞാൻ അഭിനയിച്ച 'കാലാപാനി' രണ്ട് ചരിത്രപ്രേമികളുടെ സംഗമത്തിൽ നിന്നുണ്ടായതാണ് എന്ന് പറയാം. മാസ്റ്ററായിരുന്നു അത് എഴുതിയത്. അന്നത്തെ ആ കോഴിക്കോടൻ പകലുകളിലും, രാത്രികളിലും ഞങ്ങൾ കുഞ്ഞാലിമരയ്ക്കാറെപ്പറ്റി ഒരുപാട് സംസാരിച്ചു. ചിന്തിച്ചു. പിന്നെയും കാലം ഏറെ പോയി. ഞാനും പ്രിയനും ഒന്നിച്ചും അല്ലാതെയും പല പല സിനിമകൾ ചെയ്തു. അപ്പോഴും മരയ്ക്കാർ മനസ്സിൽ അണയാതെ ചാരംമൂടിയ കനൽതുണ്ടം പോലെ കിടന്നു. സ്വകാര്യമായ ചില രാത്രികളില്‍ ഞങ്ങള്‍ വീണ്ടും മരയ്ക്കാറെക്കുറിച്ച് സംസാരിച്ചു. ദാമോദരന്‍ മാസ്റ്റര്‍ ഞങ്ങളെ വിട്ട് പോയി. എന്നിട്ടും കുഞ്ഞാലി മരയ്ക്കാർ ഞങ്ങൾക്കൊപ്പം നിന്നു.
ഒരിക്കൽ ഒരവധിക്കാല യാത്രക്കിടെ ഞാൻ പോര്‍ച്ചുഗലില്‍ എത്തി. അവിടെ ഒരു വലിയ പള്ളിയിൽ പോയപ്പോൾ അവിടെ ഒരു ഗൈഡ് ഞങ്ങളോട് പറഞ്ഞത് ഇങ്ങിനെയാണ്. ഇന്ത്യയിൽ... കേരളത്തിൽ നിന്ന് കൊണ്ടുവന്ന കുരുമുളക് വിറ്റ് ഉണ്ടാക്കിയതാണ് ഈ പള്ളി... ഞാൻ വീണ്ടും നോക്കി. അതിമനോഹരമായ നമ്മൾക്ക് പെട്ടെന്ന് സ്വപ്നം കാണാൻ കഴിയാത്ത തരത്തിലുള്ള ഒരു വലിയ പള്ളി. അന്ന് ആ പള്ളിമുറ്റത് വച്ച് എന്റെ തല കുനിഞ്ഞു. കൊള്ളയടിക്കപ്പെട്ട് തകർന്ന് പോയ എന്റെ നാടിനെയോർത്ത്. താഴ്ന്നുപോയ എന്റെ ശിരസ്സ് തൊട്ടടുത്ത നിമിഷം തന്നെ മുകളിലേക്ക് ഉയരുകയും ചെയ്തു. പോർച്ചുഗീസുകാരോട് സ്വന്തം ജീവന്‍ പണയം വച്ച് പൊരുതിയ കുഞ്ഞാലിമരയ്ക്കാരെ ഓർത്ത്. പോർച്ച്ഗലീലെ ആ പള്ളിമുറ്റത്ത് വച്ച് വീണ്ട് മനസ്സ് മരയ്ക്കാർ എന്ന സിനിമയിലേക്ക് പോയി.
ഏത് വലിയ കലാസൃഷ്ടിയും അത് ചെയേ്ത തീരൂ എന്ന തീഷ്ണമായ ആഗ്രഹം അതിന്റെ അവസാനപടിയിൽ എത്തുമ്പോഴാണ് സംഭവിക്കുന്നത്. ഇതിയിത് എഴുതാതിരിക്കാനാവില്ല. ഇനിയിത് ചെയ്യാതിരിക്കാനാവില്ല എന്ന അവസ്ഥ. ആ ഒരു അവസ്ഥയില്‍ ഞാനും പ്രിയനും എത്തിയിരുന്നു. അങ്ങിനെയാണ് രണ്ടും കല്പിച്ച് ഞങ്ങൾ ഇറങ്ങിയത്.
നമുക്ക് തീരെ പരിചിതമല്ലാത്ത മറ്റൊരു കാലമാണ് സൃഷ്ടിക്കേണ്ടത്... പതിനഞ്ചാം നൂറ്റാണ്ടും പതിന്നാറാം നൂറ്റാണ്ടുമാണ് സൃഷ്ടിക്കേണ്ടത്. മുടക്ക് മുതൽ വലിയ രീതിയിൽ വേണം. ആ കാലം തെറ്റുകൂടാതെ സൃഷ്ടിക്കണം. ഏറ്റവും വലിയ വെല്ലുവിളിയാണ്. അപ്പോഴും ഞാൻ ആദ്യം പറഞ്ഞ പ്രപഞ്ചശക്തി ഞങ്ങൾക്കൊപ്പം നിന്നു. ആന്റണി പെരുമ്പാവൂർ നിർമ്മാതാവായി... സാബുസിറിൾ എന്ന മാന്ത്രികനായ കലാസംവിധായകൻ വന്നു... അക്കാലത്തെ ചെരിപ്പും, വിളക്കും, വടിയും മുതല്‍ പടുകൂറ്റന്‍ കപ്പലുകള്‍ വരെ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ സാബു ഞങ്ങൾക്കായി സൃഷ്ടിച്ചുതന്നു. അമ്പും, വില്ലും, തോക്കുകളും, പീരങ്കികളും ഉണ്ടാക്കിതന്നു. മഞ്ചലുകളും, കൊട്ടാരങ്ങളും തയ്യാറാക്കി. കുതിരകൾ വന്നു. കടൽ സൃഷ്ടിച്ചു. യുദ്ധം ചിത്രീകരിച്ചു.
104 ദിവസം രാവും പകലുമില്ലാതെ ഒരു വലിയ സംഘം സിനിമ ചിത്രീകരിച്ചുതീർത്തു. എഴുന്നൂറ് പേർ വരെ ജോലി ചെയ്ത ദിവസങ്ങൾ ഉണ്ട്. അക്കൂട്ടത്തിൽ എന്റെ മകനും പ്രിയന്റെ മകനും മകളും ഞങ്ങളുടെ ഉറ്റസുഹൃത്തായ സുരേഷ് കുമാർ-മേനക ദമ്പതികളുടെ മകർ കീർത്തിയും, രേവതിയുമുണ്ട്. ഐ.വി. ശശി... സീമ... അവരുടെ മകനുമുണ്ട്. രാമോജി ഫിലിം സിറ്റി ഞങ്ങൾക്ക് ഒരു കുടുംബഗൃഹത്തിന്റെ മുറ്റമായി മാറി. സംവിധായകൻ മുതൽ സെറ്റിൽ ചായ കൊണ്ടുകൊടുക്കുന്നവര്‍ക്ക് വരെ വലിയ ഒരു ലക്ഷ്യത്തിനായിട്ടാണ് ജോലി ചെയ്യുന്നത് എന്ന ബോധ്യമുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും മഹത്തായ ഒരു ചരിത്രത്തിന്റെ ഭാഗമാവുകയാണ് എന്ന് തോന്നി. മറ്റൊരു കാലത്തിൽ ജീവിക്കുകയാണ് എന്ന് തോന്നി. ഒരു വലിയ ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ആനന്ദവും സാഹസികതയും ഞങ്ങൾ അറിഞ്ഞു. ഷൂട്ടിങ്ങ് തീർന്നപ്പോൾ സഹപ്രവർത്തകരുടെ തളർന്ന മുഖങ്ങളിൽ വിരിഞ്ഞ ചിരി ഞങ്ങൾ ഓർക്കുന്നു. എല്ലാവർക്കും എന്റെ നന്ദി...
കുഞ്ഞാലി മരയ്ക്കാറുടെ ചിത്രീകരണം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഒരു വർഷത്തോളം നീണ്ട പോസ്റ്റ് പ്രൊഡക്ഷന്‍ വർക്കുകൾ ബാക്കികിടക്കുന്നു. വലിയ സ്വപ്നങ്ങളൊന്നും പെട്ടന്ന് പൂർത്തിയാവില്ല എന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ യാത്ര തുടരുകയാണ്... കുഞ്ഞാലി മരയ്ക്കാർക്ക് ഞങ്ങളാൽ കഴിയും വിധം സ്മാരകം തീർക്കാൻ... മരയ്ക്കാരെ മലയാളി ഉള്ളിടത്തോളം കാലം മറക്കാതിരിക്കാൻ.
അവസാന ഷോട്ടുമെടുത്ത് തീർന്നപ്പോൾ സിനിമയിലെ അവസാന രംഗത്ത് മരയ്ക്കാർ പറയുന്ന വാചകമായിരുന്നു എന്റെ മനസ്സില്‍. കൊലമരത്തിൽ മുഴങ്ങിയ ആ വാചകം ഒരു യഥാർഥ രാജ്യസ്‌നേഹിക്ക് മാത്രമേ പറയാൻ സാധിക്കൂ. ആ വാചകം ഞാനിവിടെ പറയുന്നില്ല. എഴുതുന്നുമില്ല. നിങ്ങൾക്ക് മുന്നിൽ തിരശ്ശിലയിൽ വന്ന് കുഞ്ഞാലി മരയ്ക്കാർ തന്നെ അത് പറയട്ടെ. അത് കേൾക്കുമ്പോൾ നിങ്ങൾ പറയും ഇയാൾ കുഞ്ഞ് ആലിയല്ല... വലിയ ആലി മരയ്ക്കാറാണെന്ന്... മരണമില്ലാത്ത മനുഷ്യൻ ആണെന്ന്... മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണെന്ന്...