australia

വനിതാ ഫുട്ബോൾ താരത്തിന്റെ ഫോട്ടോയ്ക്കെതിരെ നടക്കുന്ന അധിക്ഷേപ പരാമർശങ്ങൾ ഒരു രാജ്യത്തെ തന്നെ പിടിച്ചുലയ്ക്കുകയാണ്. ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ലീഗിൽ കാൾട്ടണിന്റെ താരമായ ടൈല ഹാരിസിനാണ് ഒരു ചിത്രത്തിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്.

ഓസ്‌ട്രേലിയന്‍ ഫുട്‌ബോൾ ലീഗിൽ വെസ്‌റ്റേൺ ബുൾഡോഗ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ടൈല 40 മീറ്റർ അകലെ നിന്നുള്ള ഒരു കിക്കിലൂടെ ഗോൾ നേടിയിരുന്നു. ടൈല ഗോൾ നേടുന്ന ഈ ചിത്രം ഓസീസ് ചാനൽ സെവനിന്റെ എ.എഫ്.എൽ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. അത്‌ല‌റ്റിക് പൊസിഷനിലുള്ള ഈ ചിത്രത്തിന് താഴെ പിന്നീട് പ്രത്യക്ഷപ്പെട്ടത് അശ്ലീല കമന്റുകളും ട്രോളുകളുമായിരുന്നു. അപകീർത്തികരവും ലൈംഗികച്ചുവയുമുള്ളവയുമായിരുന്നു കമന്റുകൾ.

ചിത്രത്തിനു താഴെ ഇത്തരം കമന്റുകൾ വ്യാപകമായതോടെ എ.എഫ്.എൽചിത്രം നീക്കം ചെയ്യുകയും ചെയ്തു പേജിൽ പ്രത്യക്ഷപ്പെട്ട കമന്റുകൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലായിരുന്നുവെന്ന് ടൈല ഹാരിസ് തന്നെ പിന്നീട് പ്രതികരിച്ചു. ഇത്തരക്കാർക്കെതിരേ കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മൃഗങ്ങളാണ് ഇത്തരം പ്രവൃത്തികൾക്ക് മുതിരുകയെന്നും ടൈല ട്വിറ്ററിലൂടെ തുറന്നടിച്ചു. വിവാദമായ ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പ്രതികരണം.

ടൈലക്കെതിരായ സോഷ്യൽ മീഡിയ ആക്രമണത്തെ അപലപിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും രംഗത്തെത്തി. തികച്ചും ഹീനമായ പ്രവൃത്തിയാണിതെന്ന് പറഞ്ഞ മോറിസൺ ഇത് ചെയ്തവർ ഭീരുക്കളാണെന്നും കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയൻ കാബിനറ്റ് മന്ത്രി കെല്ലി മേഗൻ ഒ ഡ്വയറും ടൈല ഹാരിസിനെതിരെയുണ്ടായ അധിക്ഷേപങ്ങൾക്കെതിരേ രംഗത്തെത്തി.


ഇത്തരം സോഷ്യൽ മീഡിയ ആക്രമണങ്ങളെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതിനു പകരം ചിത്രം നീക്കം ചെയ്ത ചാനൽ സെവന്റെ നടപടി ശരിയായില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ പ്രതികരണവുമായി നിരവധി ഓസീസ് കായിക താരങ്ങളും രംഗത്തെത്തിയതോടെ സംഭവം രാജ്യത്ത് ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

Here’s a pic of me at work... think about this before your derogatory comments, animals. pic.twitter.com/68aBVVbTTj

— Tayla Harris (@taylaharriss) March 19, 2019