കൊല്ലം:കൊല്ലം റെയിൽവേ സ്റ്റേഷനു സമീപമുള്ള 'മഹേശ്വരി"യിൽ ഇപ്പോൾ പതിവ് തിരക്കില്ല. എന്നാൽ, ലാപ് ടോപ്പിന് മുന്നിലിരുന്ന് തന്ത്രങ്ങൾ മെനയുന്ന യുവാവ് സദാ തിരക്കിലാണ്. കൊല്ലത്തെ യു.ഡി. എഫ് സ്ഥാനാർത്ഥി എൻ. കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക്.
നാലാംവട്ടം ജനവിധിതേടുന്ന പ്രേമചന്ദ്രൻ മണ്ഡലത്തിലുടനീളം വോട്ടഭ്യർത്ഥിച്ച് പര്യടനം നടത്തുമ്പോൾ കാർത്തിക് വീട്ടിലിരുന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വോട്ടർമാരിലേക്ക് എത്തുകയാണ്.ഇതിനായി ഫേസ്ബുക്കും വാട്സ് ആപ്പും ഒക്കെ നന്നായി ഉപയോഗിക്കുന്നു . വീടും വീടിനോട് ചേർന്ന എം.പി ഓഫീസുമാണ് കാർത്തിക്കിന്റെ സൈബർ സങ്കേതം.
പോർച്ചുഗലിൽ ലിസ്ബൺ സ്കൂൾ ഓഫ് ബിസിനസ് ആൻഡ് ഇക്കണോമിക്സിൽ സ്ട്രാറ്റജിക് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ കാർത്തിക് അച്ഛന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് സഹായിക്കാൻ മൂന്ന് മാസത്തെ അവധിയെടുത്ത് എത്തിയതാണ്. പഠനവിഷയം തന്നെ പ്രയോഗിക്കാനുള്ള അവസരമാണിത്.
'അച്ഛനെന്നും എനിക്കഭിമാനം" എന്ന പേരിൽ ആറ് മാസം മുമ്പേ കാർത്തിക് ഒരു ഫേസ്ബുക്ക് പേജ് തുറന്നിരുന്നു. മണ്ഡലത്തിൽ അഞ്ച് വർഷം അച്ഛൻ നടത്തിയ വികസന പ്രവർത്തനങ്ങളാണ് പോർച്ചുഗലിൽ ഇരുന്ന് കാർത്തിക് ഈ പേജിലൂടെ പങ്കുവച്ചത്. പ്രതീക്ഷിച്ചതിലേറെ റീച്ചും ലൈക്കും കിട്ടി.
അച്ഛന്റെ പ്രവർത്തനങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണം നോക്കിയാണ് ഓരോ ഘട്ടത്തിലും തന്ത്രങ്ങൾ രൂപീകരിക്കുന്നതെന്ന് കാർത്തിക് പറയുന്നു. പാർലമെന്റിലെയും പൊതുവേദികളിലെയും പ്രേമചന്ദ്രന്റെ പ്രസംഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് അഭിപ്രായ രൂപീകരണം നടത്തും. കൊല്ലത്തെ യു.ഡി.എഫ് കൺവെൻഷന്റെ ലൈവ് വീഡിയോയ്ക്ക് നാല് ദിവസംകൊണ്ട് ലഭിച്ച റീച്ച് 17,000ത്തിലധികമായിരുന്നു. വികസനവുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കാണ് ജനങ്ങളിൽ നിന്ന് നല്ല പ്രതികരണം ലഭിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണം അച്ഛനെയും പാർട്ടി പ്രവർത്തകരെയും അപ്പപ്പോൾ അറിയിക്കും. എതിർപക്ഷത്തിന്റെ സൈബർ ആക്രമണത്തിനും തക്ക മറുപടി നൽകുന്നുണ്ട്. വിദേശത്തെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കാർത്തിക് തന്ത്രങ്ങൾ റൂപീകരിക്കുന്നത്.