തിരുവനന്തപുരം : ശബരിമല സമരത്തിലൂടെ പുത്തൻ ഉണർവ് നേടിയെടുത്ത ആത്മവിശ്വാസവുമായി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബി.ജെ.പി അണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു ഇന്നലെ വൈകിട്ട് പുറത്ത് വിട്ട ബി.ജെ.പി സ്ഥാനാർത്ഥിപട്ടിക. ആർ.എസ്.എസ് നേതൃത്വത്തിന്റെയും അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത്ഷായുടെയും ഇടപെടലിലൂടെയാണ് സുരേന്ദ്രന്റെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിത്വത്തിന് വഴിതുറന്നത്. തിരുവനന്തപുരം കഴിഞ്ഞാൽ ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ളത് പത്തനംതിട്ടയിലാണ്. അതിനാൽ തന്നെ ഒന്നിൽക്കൂടുതൽ സീറ്റുമോഹികൾ അവിടെ ഉണ്ടായിരുന്നു.
ശബരിമല സമരത്തിന്റെ പ്രഭവകേന്ദ്രമായ പത്തനംതിട്ട മണ്ഡലത്തിൽ ഏറെ പ്രതീക്ഷയിലായിരുന്നു പാർട്ടി അണികൾ. എന്നാൽ ശബരിമല സമരനായകനെന്ന് ബി.ജെ.പി വാഴ്ത്തുന്ന കെ. സുരേന്ദ്രന്റെ പേരില്ലാത്തതായിരുന്നു ഇന്നലത്തെ ആകാംക്ഷയ്ക്ക് കാരണമായത്. പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ ഇന്നലെ പ്രഖ്യാപിക്കാതിരുന്നത് മറ്റാരെയോ അവിടെ പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹം പരത്തി. ഇതിനിടെ ശബരിമല സമരത്തിൽ നിയമവഴികൾ തിരഞ്ഞെടുത്ത് ആചാരസംരക്ഷണത്തിനായി പൊരുതിയ മുതിർന്ന കോൺഗ്രസ് നേതാവിനെ ലക്ഷ്യംവച്ചാണ് പത്തനംതിട്ട ഒഴിച്ചിട്ടിരിക്കുന്നതെന്ന അഭ്യൂഹവും ഇതിനിടയിൽ പടരുന്നുണ്ടായിരുന്നു.
പത്തനംതിട്ടയിൽ കോൺഗ്രസിലെ ഒരു ഉന്നതൻ ബി. ജെ. പി സ്ഥാനാർത്ഥിയാകുമെന്നതിന് ജാതി സാമുദായിക സമവാക്യങ്ങൾ കൂട്ടിച്ചേർത്ത് വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചതോടെയാണ് അണികൾക്കിടയിലും സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം പത്തനംതിട്ടയിൽ മങ്ങുന്നു എന്ന തരത്തിൽ പ്രചരണം ആരംഭിച്ചത്. എന്നാൽ ഇതൊക്കെ ഊഹാപോഹം മാത്രമാണെന്നും അവിടെ കെ. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം ഇന്ന് പ്രഖ്യാപിക്കുമെന്നുമാണ് ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്നും അറിയുന്നത്.