lucifer-kadakampalli

മാർച്ച് 28 എന്ന തിയതിലേക്കുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ ലോകവും പ്രേക്ഷകരും. മോഹൻലാൽ എന്ന നടനവിസ്‌മയത്തെ കേന്ദ്രകഥാപാത്രമാക്കി യൂത്ത് ഐക്കൺ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലൂസിഫർ അന്ന് തിയേറ്ററുകളിലെത്തുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ മണിക്കൂറുകൾക്കുള്ളിൽ മൂന്ന് ലക്ഷത്തിലധികം പേരാണ് യൂ ട്യൂബിൽ കണ്ടത്. എന്നാൽ ലൂസിഫറും മനത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലെന്താണ് ബന്ധം. തീർച്ചയായും ബന്ധമുണ്ടെന്ന് പറയുകയാണ് പൃഥ്വിരാജ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് കടകംപള്ളിയെ തിരുവനന്തപുരത്തെ വസതിയിലെത്തി പൃഥ്വി സന്ദർശിച്ചിരുന്നു. സോഷ്യൽ മീഡിയിൽ ആ ചിത്രങ്ങളും വൈറലായിരുന്നു. എന്നാൽ വെറുതെയായിരുന്നില്ല ആ കൂടിക്കാഴ്‌ചയെന്ന് കഴിഞ്ഞദിവസം ലൂസിഫർ ടീം നടത്തിയ വാർത്താ സമ്മേളനത്തിൽ പൃഥ്വി വെളിപ്പെടുത്തുകയുണ്ടായി.

പൃഥ്വിയുടെ വാക്കുകൾ-

'കടകംപള്ളി സുരേന്ദ്രൻ സാറിനെ ഞാൻ പോയി കണ്ടത് ലൂസിഫർ സിനിമയ്‌ക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ഗുണങ്ങളുണ്ടാക്കിയിട്ടുണ്ട്. കാരണം അതുകൊണ്ടു മാത്രമാണ് കനകക്കുന്ന് കൊട്ടാരം ലൂസിഫറിന് ഷൂട്ടിംഗിന് കിട്ടിയത്. കാരണം കനകക്കുന്ന് കൊട്ടാരത്തിൽ ഷൂട്ടിംഗ് ബാൻഡ് ആയിരുന്നു. വർഷങ്ങളായിട്ട് അവിടെ സിനിമാ ഷൂട്ടിംഗ് അനുവദിക്കുന്നില്ലായിരുന്നു. ഞാൻ അദ്ദേഹത്തെ നേരിട്ടുപോയി കണ്ട്, എന്തുകൊണ്ട് എനിക്കാ സ്ഥലം ഷൂട്ടിംഗിന് വേണമെന്ന് പറയുകയും, കനകക്കുന്ന് കൊട്ടാരം നമ്മുടെ ഷൂട്ടിംഗ് ക്രൂ വളരെ വളരെ സൂക്ഷിച്ച് ഹാൻഡിൽ ചെയ്യുമെന്നും അതൊരു ഹെറിറ്റേജ് പ്രോപ്പർട്ടിയാണെന്നും, നമ്മുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ് ആ കൊട്ടാരമെന്നും എല്ലാവരെയും പറഞ്ഞു മനസിലാക്കിയിട്ടാണ് ആ ക്രുവിനെ ഞാൻ അകത്തേക്ക് കയറ്റുവെന്ന് ഞാൻ പോയി നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എനിക്കതിന് പെർമിഷൻ തന്നത്'.