തിരൂർ: മാർക്കറ്റിൽ നിന്നും കറി വയ്‌ക്കാൻ വാങ്ങിയ മീൻ പ്രകാശിക്കുന്നത് കണ്ട് അത്ഭുതപ്പെട്ട് വീട്ടുകാർ. ഇത്രയും തിളക്കമുള്ള മീൻ എങ്ങനെ വെട്ടും എന്ന അമ്പരപ്പിലായിരുന്നു ആദ്യം വീട്ടുകാർ. പിന്നീട് കഴിക്കാൻ പേടിയും. എന്നാൽ നല്ലവിലകൊടുത്ത് വാങ്ങിയ മീൻ എങ്ങനെ ഉപേക്ഷിക്കും. അവസാനം ഉപേക്ഷിക്കേണ്ട അവസ്ഥയിലായി.
കഴിഞ്ഞ ദിവസങ്ങളിൽ തിരൂരിലും പരിസരങ്ങളിലും ലഭിച്ച അയലയാണ് ഇരുട്ടിൽ തിളങ്ങിയത്. പുതിയതെന്നു തോന്നിപ്പിക്കുന്ന മീൻ കിലോഗ്രാമിന് 200 രൂപ നൽകിയാണ് ആവശ്യക്കാർ വാങ്ങിയത്. ഉറച്ച അവസ്ഥയിലുള്ള അയല വാങ്ങുമ്പോൾത്തന്നെ വെള്ളയും പച്ചയും കലർന്ന നിറമായിരുന്നു.രാത്രി മത്സ്യം നന്നാക്കാനായി എടുത്തപ്പോഴാണ് അയല തിളങ്ങുന്നതു കണ്ടത്.
മത്സ്യം ആഴ്ചകളോളം കേടുവരാതിരിക്കാൻ ചേർക്കുന്ന രാസവസ്തുവാണ് തിളക്കത്തിനു കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സംസ്ഥാനത്ത് മത്സ്യക്ഷാമം രൂക്ഷമായതോടെ അയല, മത്തി തുടങ്ങിയവ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. പുറത്തു നിന്ന് വിഷവസ്‌തുക്കൾ കലർത്തി എത്തുന്ന മീൻ പരിശോധിക്കാൻ അധികൃതർ നടപടിയൊന്നും സ്വീകരിക്കുന്നില്ല.