karnataka-building-collap
karnataka building collapse

ബംഗളൂരു: തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങളിൽ കുടുങ്ങിക്കിടന്നയാളെ 62 മണിക്കൂറിന് ശേഷം രക്ഷിച്ചു. കർണാടകയിലെ ധാർവാഡ കുമാരേശ്വർ നഗറിൽ കഴിഞ്ഞ ദിവസം തകർന്ന് വീണ നാല് നില കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങളിൽ കുടുങ്ങിക്കിടന്നയാളെയാണ് രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇയാളെ കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങളിൽ നിന്ന് പുറത്തെത്തിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. അതേസമയം,​ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയതായി അധികൃതർ അറിയിച്ചു. കെട്ടിടത്തിന് അടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇതിനോടകം തന്നെ 64 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് രക്ഷാപ്രവർത്തകർ സോനു എന്ന് പേരുള്ള യുവാവിനെ കെട്ടിടത്തിന് അടിയിൽ കണ്ടെത്തുന്നത്. തുടർന്ന് ഇയാളെ പുറത്തെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. അൽപ്പനേരത്തിനുള്ളിൽ തന്നെ യുവാവിനെ പുറത്തെക്കാൻ രക്ഷാപ്രവർത്തകർക്ക് കഴി‍ഞ്ഞു. കാര്യമായ കുഴപ്പങ്ങളൊന്നും ഇല്ലാതെ നടന്നാണ് യുവാവ് പുറത്തെത്തിയത്. സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥൻ യുവാവിനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

#dharwadbuildingcollapse
After 62 hours of being trapped in the basement of the collapsed multi storied building, Dilip being rescued alive by our Fire Force just now !!! pic.twitter.com/VildP7lPYE

— M.N.Reddi, IPS (@DGP_FIRE) March 22, 2019

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെയാണ് അപകടം.പണിപൂർത്തിയാവാത്ത കെട്ടിടത്തിന്റെ ആദ്യ രണ്ടു നിലകളിൽ വാടകക്ക് കടകൾ പ്രവർത്തിക്കുന്നുണ്ട്. മറ്റു നിലകളിൽ നിർമാണം നടക്കുന്നതിനിടെയാണ് കെട്ടിടം തകർന്നുവീണത്. കടകളിലുള്ളവരും ഷോപ്പിംഗിനെത്തിയവരും നിർമാണത്തൊഴിലാളികളുമടക്കം നിരവധി പേർ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം. ധാർവാഡിൽ തിരഞ്ഞെടുപ്പ് സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഒരു യൂനിറ്റ് ബി.എസ്.എഫ് ജവാന്മാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ബംഗളൂരുവിൽനിന്ന് വിമാനത്തിൽ പ്രത്യേക രക്ഷാദൗത്യ സംഘത്തെയും ധാർവാഡിലെത്തിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെയും മറ്റ് സുരക്ഷാ സേനകളുടെയും പങ്കാളിത്തത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിവരുന്നതിനിടെയാണ് യുവാവിനെ അത്ഭുതകമായി കണ്ടെത്തിയത്.