തിരുവനന്തപുരം: പത്തനംതിട്ട സീറ്റിൽ തർക്കമില്ലെന്ന് ബി.ജെ.പി മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. പത്തനംതിട്ടയിൽ നേരത്തേ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടിയിരുന്നുവെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ അതിശയമില്ല. അവർക്ക് പ്രഖ്യാപിക്കാൻ ഈ ഒരു സംസ്ഥാനമേയുള്ളൂ.
അവർക്ക് എന്ത് വേണമെങ്കിലും ആകാം. എന്നാൽ, ബി.ജെ.പിക്ക് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ടെന്നും, അത് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു. "ചർച്ചകളെല്ലാം പൂർത്തിയായി, ആശയക്കുഴപ്പമൊന്നുമില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നോ നാളയോ പത്തനംതിട്ട സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഒറ്റഘട്ടമായി ഒരു രാഷ്ട്രീയപാർട്ടിയും പട്ടിക പ്രഖ്യാപിക്കാറില്ലെ"ന്നും കുമ്മനം പറഞ്ഞു.
പ്രഖ്യാപനം ഒന്ന് രണ്ട് ദിവസം വൈകുന്നത് സാങ്കേതികം മാത്രമാണ്. പ്രഖ്യാപനം വൈകുന്നതിൽ ഭിന്നതയുണ്ടെന്നുളളത് കുപ്രചരണമാണെന്നും കുമ്മനം പറഞ്ഞു. ബി.ജെ.പിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ഇതിൽ പ്രധാനമന്ത്രിയും അമിത് ഷായുമെല്ലാം ഉൾപ്പെടും. ഇവരുമായി ചർച്ചകൾ നടത്തിയതിന് ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക എന്നും കുമ്മനം വ്യക്തമാക്കി. ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയും പ്രഖ്യാപനങ്ങൾ ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.