തിരുവനന്തപുരം: രാജ്യം പൂർണമായും വിൽക്കപ്പെടുന്നതിന് മുമ്പ് മോദി രാജിൽ നിന്ന് സ്വാതന്ത്ര്യം നേടണമെന്ന ആഹ്വാനവുമായി ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്‌റ്റ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷം നിർജീവമായ തന്റെ അക്കൗണ്ടിൽ നിന്നും മൂന്ന് വർഷത്തിന് ശേഷമാണ് വി.എസ് പോസ്റ്റ് ഇടുന്നത്. ആദ്യ പോസ്‌റ്റിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ബദൽ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുമാണ് വി.എസ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പ് ഇങ്ങനെ....
നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികൾക്കും ശിങ്കിടി മുതലാളികൾക്കും വിറ്റുകൊണ്ടിരിക്കുകയാണ്. തകരുന്ന സമ്പദ് വ്യവസ്ഥയുടെയും കൊടികുത്തി വാഴുന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടെയും വിള്ളലുകളിലൂടെ, ഫിനാൻസ് മൂലധന ശക്തികള്‍ കടന്നു കയറി അധികാരമുറപ്പിക്കുകയാവും ഫലം. നൂറ്റാണ്ടുകൾ അടിമത്തത്തിലായിരുന്ന നമ്മുടെ രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്നു. മത ജാതി വൈരങ്ങൾ ജനങ്ങൾക്കിടയിൽ പടർത്തുന്ന വർഗ്ഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നു തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത്.
രാജ്യം പൂർണ്ണമായി വില്‍ക്കപ്പെടുന്നതിന് മുമ്പ്, തകർക്കപ്പെടുന്നതിനു മുമ്പ് , മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിർണ്ണായക പോരാട്ടമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ നാം കാണണം.