ആലപ്പുഴ : ചായവിൽപ്പനക്കാരനിൽ നിന്നും രാജ്യത്തെ പ്രധാനമന്ത്രിയായി തീർന്ന നരേന്ദ്ര മോദിയുടെ ഉയർച്ചയോട് ഉപമിപ്പിക്കാനാവുന്ന വിധമാണ് ആലപ്പുഴയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ.എസ് രാധാകൃഷ്ണന്റെ ജീവിതവും. കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം അടുത്തിടെയാണ് അദ്ദേഹം ബി.ജെ.പിയുടെ കൂടാരത്തിലേക്കെത്തിയത്. എന്നാൽ പാർട്ടി അംഗത്വം കൊടുത്തു ചുരുങ്ങിയ നാളുകൾക്കകം ടോം വടക്കന് പോലും നൽകാതെ ലോക്സഭ സീറ്റ് രാധാകൃഷ്ണന് നൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതിന് പിന്നിൽ, അതും ആലപ്പുഴപോലെ പാർട്ടിക്ക് വേരോട്ടം കുറവുള്ള സ്ഥലത്ത് നൽകിയതിന് പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ട്.
ജീവിത പ്രാരാബ്ദങ്ങളോട് പടവെട്ടി മത്സ്യബന്ധന തൊഴിലാളിയായി പണിയെടുത്ത് പണം കണ്ടെത്തി പഠിക്കുകയും ജീവിതത്തിൽ വലിയ പദവികളിലേക്ക് വിദ്യാഭ്യാസത്തിന്റെ കരുത്തിൽ ഉയരാനായത് അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായിട്ടാണ്. സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ, പി.എസ്.സി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം കാലെടുത്ത് വച്ചിരിക്കുന്നത്.
ശബരിമല സ്ത്രീപ്രവേശത്തിനെതിരെ ശബരിമല കർമസമിതി രൂപീകരിച്ചപ്പോൾ അതിന്റെ ദേശീയ ഉപാധ്യക്ഷനെന്ന നിലയിലെ പ്രവർത്തനങ്ങളാണ് കെ.എസ് രാധാകൃഷ്ണനെ ബി.ജെ.പിയിലേക്ക് അടുപ്പിക്കുന്നത്. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ നിർണായകമാവുമെന്ന് വിശ്വസിക്കുന്ന അദ്ദേഹം സാധാരണക്കാർക്കു താങ്ങും തണലുമായ സർക്കാരാണു നരേന്ദ്ര മോദിയുടേതെന്ന് പറഞ്ഞാണ് വോട്ട് തേടുന്നത്.