മാസ് എന്ന വാക്കിന് മലയാള സിനിമയിൽ മോഹൻലാൽ എന്ന അർത്ഥം കൂടി അദ്ദേഹത്തിന്റെ ആരാധകർ ചമച്ചു നൽകിയിട്ടുണ്ട്. സ്ഫടികം, ദേവാസുരം, ആറാംതമ്പുരാൻ, നരസിംഹം, പുലിമുരുകൻ ഇങ്ങനെ പോകുന്നു മറ്റൊരു നടനും അവകാശപ്പെടാൻ കഴിയാത്ത തരത്തിൽ ലാലിന്റെ മെഗാ മാസ് ചിത്രങ്ങൾ. മീശ പിരിച്ച് മുണ്ടുമടക്കി കുത്തി തങ്ങളുടെ ലാലേട്ടൻ സ്ക്രീനിൽ എത്തുമ്പോൾ ആരാധകർക്കും ആഘോഷിക്കാൻ മറ്റൊന്നും വേണ്ട. എന്നാൽ മുണ്ടും, മീശപിരിയും ജീപ്പും തന്നെയാണോ വിജയഫോർമുല എന്ന ചോദ്യത്തിന് ഇപ്പോഴിതാ മറുപടി നൽകിയിരിക്കുകയാണ് സാക്ഷാൽ മോഹൻലാൽ. കഴിഞ്ഞദിവസം ജി.സി.സിയിൽ നടന്ന ലൂസിഫറിന്റെ വാർത്താ സമ്മേളനത്തിലാണ് അവതാരകയുടെ ചോദ്യത്തിന് ലാൽ മറുപടി നൽകിയത്.
മുണ്ട്, മീശപിരി, ജീപ്പ് ഇതില്ലാത്ത ലാലേട്ടനെ ഞങ്ങൾ പ്രേക്ഷകർക്ക് സങ്കൽപ്പിക്കാനാവില്ല. ആ ഒരു വിജയഫോർമുല തന്നെയാണോ ലൂസിഫറിൽ കാണാൻ സാധിക്കുക ഇതായിരുന്നു ചോദ്യം. ഉത്തരവും ഉടൻതന്നെ വന്നു.
'ഈ മുന്നു കാര്യങ്ങളുമുണ്ടെന്നു കരുതി സിനിമ വിജയമാകണമെന്നില്ല. അതെങ്ങനെ ഉപയോഗിക്കുന്നു എന്നതനുസരിച്ചിരിക്കും. കേരളത്തിൽ ഒരുപാടുപേർ മുണ്ടുടുക്കുന്നുണ്ട്. അയാൾ ജീപ്പോടിക്കുന്നയാളായിരിക്കണം. മീശ പിരിക്കണം (ചിരിക്കുന്നു). അത്തരത്തിൽ ഒരുപാടു കാര്യങ്ങളുണ്ട്.
ഒരുപക്ഷേ നരസിംഹം എടുത്തശേഷം, ഈ ഒരു ഫോർമുലയിൽ വന്ന പല സിനിമകളും മോശമായിട്ടുണ്ട്. നമുക്കുമറിയാം ആ സിനിമ മോശമായിരിക്കുമെന്ന്. പക്ഷേ നമുക്കൊന്നും ചെയ്യാൻ കഴിയില്ല. അത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഏറ്റവും മനോഹരമായി കൈകാര്യം ചെയ്യുക എന്നതാണ്. അത് ലൂസിഫറിലുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു'- മോഹൻലാൽ വ്യക്തമാക്കി.