ന്യൂഡൽഹി: പത്തനംതിട്ട ഒഴിച്ചിട്ട് ബി.ജെ.പി തങ്ങളുടെ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതോടെ രാഷ്ട്രീയ ചർച്ചകളിൽ വീണ്ടും അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങി. ഒറ്റപേര് മാത്രമേ പത്തനംതിട്ടയിൽ കേന്ദ്രകമ്മിറ്റിക്ക് സമർപ്പിച്ചിട്ടുള്ളൂവെന്ന് പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും സീറ്റിനെച്ചൊല്ലി തർക്കമുണ്ടെന്ന് സ്ഥിരീകരിക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കെ.സുരേന്ദ്രന്റെ പേരാണ് സംസ്ഥാന നേതൃത്വം നൽകിയ ഒറ്റപ്പേരെന്ന് ഉറപ്പാണെങ്കിലും കേന്ദ്രകമ്മിറ്റിക്ക് മുന്നിൽ മറ്റ് പല സാധ്യതകളും ഉണ്ടെന്നാണ് വിവരം.
രാജ്യസഭയിൽ ബി.ജെ.പിക്ക് അനുകൂലമായ നിലപാടുകൾ എടുത്ത ഒരു കോൺഗ്രസ് നേതാവിന്റെ പേരും ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. പത്തനംതിട്ടയിലെ ജാതി സാമുദായിക സമവാക്യങ്ങൾ ഈ ഉന്നതന് അനുകൂലമാകുമെന്ന രീതിയിലുള്ള റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ബി.ജെ.പി അണികൾ നിരാശരാണെന്നും റിപ്പോർട്ടുകളുണ്ട്. പത്തനംതിട്ടയിലെ കോൺഗ്രസുകാരനായ ഈ മുൻ കേന്ദ്രമന്ത്രിയെ നിറുത്താൻ വൻ നീക്കമുണ്ടെന്നാണ് അഭ്യൂഹം. ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവിനെയും ബി.ജെ.പി കണ്ണുവയ്‌ക്കുന്നുണ്ടത്രേ.
അതേസമയം, കേരളത്തിലെ മറ്ര് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോഴും ബി.ജെ.പി ദേശീയ നേതൃത്വം പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് അണികളിൽ ആശയക്കുഴപ്പം സൃഷ്‌ടിച്ചിട്ടുണ്ട്. കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായുടെ ഫേസ് ബുക്ക് പേജിൽ ആറായിരത്തോളം കമന്റുകളാണ് ഇത് സംബന്ധിച്ച് നിറഞ്ഞത്. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള ഈ സീറ്രിലേക്ക് അവകാശ വാദം ഉന്നയിച്ചതാണ് കുഴപ്പത്തിനിടയാക്കിയത്. എന്നാൽ സുരേന്ദ്രനെ തന്നെ സ്ഥാനാർത്ഥിയാക്കുമെന്ന് അഭ്യൂഹമുയർന്നെങ്കിലും ഇപ്പോൾ പ്രഖ്യാപിച്ച ലിസ്റ്രിൽ പത്തനംതിട്ട മാത്രം ഇല്ലാത്തതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ഈ അനിശ്ചിതാവസ്ഥ തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിക്കുമെന്നാണ് പ്രവർത്തകരുടെ ആശങ്ക.
എന്നാൽ, പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് സാങ്കേതിക കാരണം മൂലമാണെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ കരുതുന്നു. പത്തനംതിട്ടയിൽ തർക്കം ഉണ്ടായപ്പോൾ ബാക്കിയുള്ള സീറ്രുകളാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്രി അംഗീകരിച്ചത്. സുരേന്ദ്രന്റെ പേര് പിന്നീട് അമിത് ഷായും ബി.ജെ.പി സംഘടന ജനറൽ സെക്രട്ടറി രാംലാലും ചേർന്ന് അംഗീകരിക്കുകയായിരുന്നുവെന്നും അതിന് ശേഷം കമ്മിറ്രി കൂടാത്തതുകൊണ്ടാണ് ഇന്നലത്തെ ലിസ്റ്രിൽ പത്തനംതിട്ട വരാത്തതെന്നുമാ
ണ് വിശദീകരണം.