nazir-karunakaran

തിരുവനന്തപുരം: താൽപര്യമില്ലാതിരുന്നിട്ടു കൂടി ഭീഷണിയെ തുടർന്നാണ് കോൺഗ്രസിനു വേണ്ടി പ്രേംനസീറിന് പ്രചരണത്തിനിറങ്ങേണ്ടി വന്നതെന്ന അദ്ദേഹത്തിന്റെ മകൻ ഷാനവാസിന്റെ വാക്കുകൾ ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഷാനവാസ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ഇന്ദിരാഗാന്ധിയുടെ താൽപര്യ പ്രകാരം ലീഡർ കരുണാകരന്റെ നേതൃത്വത്തിലാണ് അന്ന് കരുക്കൾ നീങ്ങിയതെന്ന് ഷാനവാസ്‌ ആരോപിച്ചിരുന്നു. എന്നാൽ ഇതിനു മറുപടി നൽകിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ. വർഷങ്ങൾക്ക് മുമ്പ് നസീറിനെ കോൺഗ്രസിലെത്തിക്കാൻ ചുക്കാൻ പിടിച്ചത് ബഷീർ ആയിരുന്നു.

അദ്ദേഹം രാഷ്‌ട്രീയ താൽപര്യമുള്ളയാളായിരുന്നു. രാഷ്‌ട്രീയത്തിൽ യഥാർത്ഥ താൽപര്യമുണ്ടായിരുന്നു. രാഷ്‌ട്രീയത്തിൽ വന്നു. അദ്ദേഹം കെ.പി.സി.സി ഭാരവാഹിയായി. കെ.പി.സി.സി മീറ്റിംഗിൽ പങ്കെടുത്തു. ഭീഷണിപ്പെടുത്തിയാണ് കൊണ്ടുവന്നതെന്ന വാർത്തകളൊന്നും ശരിയല്ല. അദ്ദേഹം അദ്ദേഹത്തിന്റെ മനസു തുറന്ന് അങ്ങനെ വന്നതാണ്. ഒരു മതനിരപേക്ഷ വാദിയായിരുന്നു അദ്ദേഹം. മതേതരത്വത്തിൽ വിശ്വസിച്ചിരുന്ന ഒരു കലാകാരനായിരുന്നു. ആ നിലയ്‌ക്ക് അദ്ദേഹത്തിന്റെ വരവ് പാർട്ടിക്ക് വലിയ നേട്ടമുണ്ടാക്കിയിരുന്നു.

കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ഷാനവാസ് പറഞ്ഞത്.

'അദ്ദേഹത്തിന്റെ പൊസിഷനിൽ നമ്മളാണെങ്കിലും പോയെ പറ്റുമായിരുന്നുള്ളു. കാരണം വിളി വന്നത് ഇന്ദിരാഗാന്ധിയിൽ നിന്നായിരുന്നു. മസ്റ്റാണ് ഇറങ്ങണമെന്ന് അവർ നിർബന്ധിച്ചു. എന്നാൽ വേറൊരു ഗ്യാംങും പുള്ളിയെ പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിന്നു തന്നാൽ മതി ഫിനാൻസൊക്കെ ഞങ്ങൾ ചെയ്തുകൊള്ളാമെന്നായിരുന്നു ഓഫർ. വളരെ ഡിപ്ലോമാറ്റിക്കായിട്ടുള്ള ആൻസേഴ്സായിരുന്നു ഫാദർ അതിന് നൽകിയത്.

ലീഡർ പറഞ്ഞത് വഴി ഇന്ദിരാഗാന്ധി വീട്ടിൽ വിളിച്ചു. ഒരു കുടുക്കിലും അവർ കുടുക്കി. ഒരു ഇൻകം ടാക്സ് റെയ്‌ഡൊക്കെ ഇട്ട് വിരട്ടിതന്നു. അവർ ചെറുതായിട്ടൊന്ന് കളിച്ചതാണ്. ഇത്രയും വർഷം അഭിനയിച്ചിട്ടും ഒരു റെയിഡും ഇല്ലായിരുന്നു.പർപസ്ലി ആ ടൈമിലൊരു റെയിഡ്. ഇതൊക്കെ ചെയ്‌തെങ്കിലും പുള്ളി അതിലൊന്നും വീണില്ല. എവിടെ നിന്നും മത്സരിക്കാം, സെലക്ട് ചെയ്താൽ മതി എന്നായിരുന്നു അവർ പറഞ്ഞത്. അദ്ദേഹം നോ പറഞ്ഞു. നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാം പ്രസംഗിക്കാം എന്നാൽ മത്സരിക്കാനില്ല'.