കൊല്ലം: ഓരോ തിരഞ്ഞെടുപ്പിലും വോട്ടിന്റെ ഗ്രാഫ് കുത്തനെ ഉയരുന്ന കൊല്ലത്ത് ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പ്രമുഖരെ ഒഴിവാക്കിയത് ആർ.എസ്.എസിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധത്തിന് കാരണമായി. കമ്മികൾ പാടി നടന്നത് ഒടുവിൽ സംഭവിച്ചു എന്ന് തുടങ്ങുന്ന ഒരു കമന്റ് ഇങ്ങനെ: 'ആരുമില്ലായിരുന്നെങ്കിൽ ചന്ദ്രബാബു ചേട്ടനെ നിറുത്തി കൂടായിരുന്നോ ?' .'സംഘത്തിന്റെ കൊല്ലത്തെ കരുത്ത് കാട്ടാമായിരുന്നല്ലോ'? ആർ.എസ്.എസ് കൊല്ലം വിഭാഗ് സദസ്യനായ സി.കെ.ചന്ദ്രബാബുവിനെയാണ് ഉദ്ദേശിച്ചായിരുന്നു ഈ കമന്റ്.
കൊല്ലത്ത് ബി.ജെ.പി സൗഹൃദ മത്സരത്തിന് കളമൊരുക്കുന്നുവെന്ന ധ്വനിയിൽ വൻ വിവാദമാകാവുന്ന പരാമർശങ്ങളും പോസ്‌റ്ര് ചെയ്‌തിട്ടുണ്ട്. വോട്ട് കച്ചവടം എന്ന പാപം ആത്മാഭിമാനമുള്ള ആർ.എസ്..എസ് പ്രവർത്തകരെ കൊണ്ട് ചെയ്യിക്കരുതെന്ന അപേക്ഷയോടെയാണ് പോസ്‌റ്റ് അവസാനിക്കുന്നത്. സ്ഥാനാർത്ഥി നിർണയ ചർച്ചകളുടെ ഒരു ഘട്ടത്തിലും ഉയർന്നുവരാത്ത പേരുകാരനെയാണ് ഇപ്പോൾ കൊല്ലത്ത് ബി.ജെ.പി പ്രഖ്യാപിച്ചതെന്നാണ് പ്രവർത്തകർക്കിടയിലെ ആക്ഷേപം.