ന്യൂഡൽഹി : നോട്ട് നിരോധനം രാജ്യത്ത് കറൻസി കൈമാറ്റം കുറയ്ക്കുമെന്നും ഡിജിറ്റൽ ഇടപാടിലേക്ക് മാറുമെന്നുമുള്ള വാദവും പൊളിയുന്നു. രാജ്യത്തെ ഭൗതികമായ പണമിടപാട് എക്കാലത്തേതിലും വർധിച്ചതായി ദേശീയ മാദ്ധ്യമം തെളിവ് നിരത്തി റിപ്പോർട്ട് നൽകിയതോടെയാണ് നോട്ട് നിരോധനം മറ്റൊരു തുഗ്ളക്ക് പരിഷ്‌കാരമായിരുന്നു എന്ന വിലയിരുത്തലിലേക്ക് എത്തുന്നത്. നോട്ട് നിരോധിച്ചതിന് പിന്നാലെ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിൽ വർദ്ധനയുണ്ടായിരുന്നു എന്നാൽ ഇത് അധിക നാൾ തുടർന്ന് പോകാതെ തിരികെ കറൻസി കൈമാറ്റത്തിലേക്ക് ജനം എത്തിയതോടെയാണ് സർക്കാർ വാദം പൊളിഞ്ഞത്. നോട്ടു നിരോധനത്തിന് മുമ്പുള്ളതിനെക്കാളും 19.14 ശതമാനം വർധനവാണ് കറൻസി കൈമാറ്റത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതായത് 2016 നവംബറിൽ 17.97 ലക്ഷം കോടി കറൻസിയാണ് പ്രചാരത്തിലുണ്ടായിരുന്നതെങ്കിൽ ഈ വർഷം മാർച്ചിൽ അത് 21.41 ലക്ഷം കോടി രൂപായായി. 2017 ജനുവരിയിൽ എ.ടി.എം വഴിയുള്ള പണമിടപാട് 200,468 കോടി ആയിരുന്നെങ്കിൽ 2019 ജനുവരിയിൽ അത് 316,808 കോടി രൂപയായി വർദ്ധിച്ചു.
ഡിജിറ്റൽ പണമിടപാട് നടത്താൻ സാധാരണക്കാർക്ക് വേണ്ടത്ര പരിചയം പകർന്ന് നൽകാൻ കഴിയാതെ പോയതാണ് ഡിജിറ്റൽ ഇടപാട് കുറയാൻ ഒരു കാരണമായി വിലയിരുത്തുന്നത്. ഇത് കൂടാതെ രാജ്യം തിരഞ്ഞെടുപ്പിലേക്കടുത്തതും കറൻസി കൈമാറ്റം കൂടുവാൻ കാരണമായി തീർന്നുവെന്ന് കരുതുന്നു. ഡിജിറ്റൽ ഇടപാടുകളിലൂടെ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പണം വിനിയോഗിക്കാനാവില്ലെന്നതും കറൻസി കൈമാറ്റം കൂട്ടുവാൻ കാരണമായി തീർന്നിട്ടുണ്ട്.