ന്യൂഡൽഹി: ജയ്ഷെ മുഹമ്മദ് ഭീകരൻ സജ്ജദ് ഖാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. പുൽവാമ ഭീകരാക്രമണ സൂത്രധാരൻ മുദ്ദസിർ അഹമ്മദ് ഖാന്റെ അടുത്ത അനുയായിയാണ് സജ്ജദ് ഖാൻ. ഡൽഹി ചെങ്കോട്ടയ്‌ക്കു സമീപത്തുനിന്നാണ് ഇന്നലെ രാത്രി സജ്ജദ് ഖാനെ അറസ്റ്റ് ചെയ്തത്. ദേശീയ അന്വേഷണ ഏജൻസിയും ഇന്റലിജൻസ് ബ്യൂറോയും ചോദ്യം ചെയ്യ്‌ത് വരികയാണ്. സജ്ജദിന്റെ രണ്ട് സഹോദരന്മാരും ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണെന്നും ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ മാസം ആദ്യം കാശ്‌മീരിൽ നടന്ന ഏറ്റുമുട്ടലിൽ മുദാസിറിനെ സൈന്യം വധിച്ചിരുന്നു. അതേസമയം, ജമ്മുകാശ്മീരിലെ ബന്ദിപുരയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ രണ്ടു ഭീകരരെ വധിച്ചു. ഹാജിൻ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരുന്ന കെട്ടിടം സേന വളഞ്ഞിരുന്നു. തുടർന്ന് നടത്തിയ വെടിവയ്പ്പിലാണ് രണ്ടു പേരെ വധിച്ചത്.
ഷോപിയാൻ ജില്ലയിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ തുടരുകയാണ്. ഇമാം ഷാഹിബ് മേഖലയിലെ ജനവാസ പ്രദേശത്തുള്ള കെട്ടിടത്തിൽ ഒളിച്ചിരുന്ന തീവ്രവാദികൾ തെരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാസേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കെട്ടിടം സുരക്ഷാ സേന വളഞ്ഞു. മൂന്നു തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായാണ് വിവരം.