കോട്ടയം: കുടുംബാംഗങ്ങളുടെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ വീട്ടമ്മയിൽ നിന്ന് നാലര പവൻ കവർന്ന ക്ഷേത്ര പൂജാരി അറസ്റ്റിൽ. മാവേലിക്കര പൊന്നാരംതോട്ടം വിജയഭവനിൽ അരുൺ രാജിനെയാണ് (26) കായംകുളം സി.ഐ പി.കെ.സാബു, എസ്.ഐ. സി.എസ്.ഷാരോൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പുതുപ്പള്ളി സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായത്. യുവതിയും ഭർത്താവും തമ്മിലുള്ള പൊരുക്കേടും കുഞ്ഞ് രാത്രി ഞെട്ടിയുണർന്ന് കരയുന്നതും ബാധയുടെ ഉപദ്രവമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പൂജാരിയായ അരുൺ തട്ടിപ്പ് നടത്തിയത്. ഓരോരുത്തരും സ്ഥിരമായി ധരിക്കുന്ന സ്വർണ്ണാഭരണങ്ങൾ ബാധ ഒഴിപ്പിക്കുന്നതിനായി വേണമെന്നും ഇവ മലയാലപ്പുഴ ക്ഷേത്രത്തിൽ പൂജ ചെയ്ത് കൊണ്ടുതരാമെന്നും പറഞ്ഞാണ്
യുവതിയുടെ കൈയിൽ നിന്ന് കുഞ്ഞിന്റെ ഒന്നര പവൻ അരഞ്ഞാണവും ഭർത്താവിന്റെ കൈ ചെയിനും മോതിരവും മാലയും ഉൾപ്പെടെ നാലരപ്പവന്റെ ആഭരണങ്ങൾ കൈക്കലാക്കിയത്.
പറഞ്ഞ സമയം കഴിഞ്ഞിട്ടും ഇയാളെ കണാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കഴിഞ്ഞദിവസം കരുനാഗപ്പള്ളി പതാരത്തുള്ള ബന്ധുവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റൊരാളുടെ സഹായത്തോടെ കാർത്തികപ്പള്ളിയിലുള്ള ഒരു ബാങ്കിൽ പണയം വച്ച ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.