ഐ പി.എസ് തൊപ്പി വലിച്ചെറിഞ്ഞ്, ജനവിധി തേടാനിറങ്ങുകയാണ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പൊലീസുദ്യോഗസ്ഥൻ ഡോ.ജേക്കബ് തോമസ്. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന 20-20കൂട്ടായ്മയുടെ സ്ഥാനാർത്ഥിയായി ചാലക്കുടിയിലാവും അദ്ദേഹം ജനവിധി തേടുക. 2020മേയ് വരെ ജേക്കബ്തോമസിന് ഐ.പി.എസ് ഉദ്യോഗസ്ഥനായി കാലാവധിയുള്ളതാണ്. ജേക്കബ്തോമസ് 'കേരളകൗമുദി'യുമായി സംസാരിക്കുന്നു.
?പൊടുന്നനെയുള്ള രാഷ്ട്രീയപ്രവേശനത്തിന് പിന്നിലെന്താണ്
എനിക്ക് രാഷ്ട്രീയലക്ഷ്യങ്ങളില്ലായിരുന്നു. 16മാസമായി സസ്പെൻഷനിലാണ്. ഓഖി ദുരന്തത്തിലെ രക്ഷാപ്രവർത്തനങ്ങളും നടപടികളും തൃപ്തികരമല്ലെന്ന് പ്രസംഗിച്ചതാണ് കുറ്റം. ഇതൊരു ബദൽ രാഷ്ട്രീയമാണ്. യഥാർത്ഥ നവോത്ഥാനവും ഇതാണ്. അത് തെളിയിക്കാനാവും മത്സരം.
? പ്രസംഗത്തിന്മേലുള്ള ശിക്ഷാനടപടിയാണോ പ്രകോപനം
പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയാണ് ഞാൻ ശബ്ദിച്ചത്. എന്റെ പ്രസംഗം വരെ കാണാതായവരുടെ പേരിൽ മിസിംഗ് കേസെടുത്തിരുന്നില്ല. ഇപ്പോഴും നൂറോളം പേരെ കണ്ടെത്താനുണ്ടല്ലോ. ദുരന്ത മുന്നറിയിപ്പ് നൽകാൻ ദുരന്തനിവാരണ അതോറിട്ടി ഉണർന്നു പ്രവർത്തിച്ചത് അതിനുശേഷമാണ്. പക്ഷേ, വാരാപ്പുഴയിൽ ഉറങ്ങിക്കിടന്ന യുവാവിനെ പിടിച്ചുകൊണ്ടുപോയി ലോക്കപ്പിൽ ചവിട്ടിക്കൊന്നതിന് എസ്.പിയെ എത്രകാലം സസ്പെഷനിൽ നിറുത്തി? ഓഖി ദുരന്തത്തിൽപെട്ട പാവപ്പെട്ടവർക്കൊപ്പം നിന്നു. അതാണ് ഞാൻചെയ്ത കുറ്റം. അതിന് വാരാപ്പുഴയിലെ എസ്.പിയേക്കാൾ കൂടുതൽ ശിക്ഷ അർഹിക്കുന്നുണ്ടോ.
? ആർക്കെതിരെയാണ് ഈ മത്സരം
അഴിമതിരഹിത ഭരണത്തിനു വേണ്ടിയാണ്. കക്ഷി-രാഷ്ട്രീയ-ജാതി-മത ഭേദമില്ലാതെ അഴിമതിയെ എതിർക്കുന്ന എല്ലാവരുടെയും വോട്ട് തേടും. രണ്ട് മുന്നണികളെയും കേരളം മാറിമാറി പരീക്ഷിച്ചതാണ്. എന്തുകിട്ടിയെന്ന് ജനങ്ങൾ വിലയിരുത്തട്ടെ. എന്നിട്ട് കിഴക്കമ്പലത്ത് വന്നു നോക്കട്ടെ. അവിടുത്തെ ജനങ്ങൾക്ക് നാല് വർഷം കൊണ്ട് എന്തുകിട്ടിയെന്ന് നോക്കുക. എന്നിട്ട് വോട്ട് ചെയ്താൽ മതി.
?ജനാധിപത്യ പരീക്ഷണത്തിൽ എന്താണ് പ്രതീക്ഷകൾ
മത്സരിച്ചാൽ വിജയിച്ചിരിക്കും. സംശയമില്ല. ലക്ഷ്യം അഴിമതിവിരുദ്ധ ഭരണമാണ്. യഥാർത്ഥ പഞ്ചായത്തീരാജ് നടപ്പാക്കും- അതാണ് വാഗ്ദാനം. കിഴക്കമ്പലത്തെപ്പോലെ ചാലക്കുടിയിലെ 45പഞ്ചായത്തുകളിലും അഴിമതിരഹിത സംവിധാനമുണ്ടാക്കും.
?കിഴക്കമ്പലം മോഡലിൽ എങ്ങനെ ആകൃഷ്ടനായി
അഴിമതിയില്ലാത്ത ഭരണസംവിധാനം പഞ്ചായത്ത് തലത്തിലാണെങ്കിലും അവർ നടപ്പാക്കുന്നു. വികസനത്തിന് ഒരു രൂപ അനുവദിച്ചാൽ ജനങ്ങൾക്ക് ഒരു രൂപയും കിട്ടുന്നു. യഥാർത്ഥ പഞ്ചായത്തീരാജ് അവിടെയാണ്. അഴിമതിയില്ലാത്ത, സുതാര്യമായി ജനങ്ങൾക്ക് കിട്ടേണ്ടത് ഒരു ചോർച്ചയുമില്ലാതെ കിട്ടുന്നു. ഒരു രൂപ ബഡ്ജറ്റിൽ മുടക്കിയാൽ 15 പൈസയേ താഴെയെത്തൂ എന്നായിരുന്നല്ലോ പ്രധാനമന്ത്രിയായിരിക്കെ രാജീവ്ഗാന്ധിയുടെ കുമ്പസാരം. വിജിലൻസ് എ.ഡി.ജി.പിയായിരിക്കെ 44പഞ്ചായത്തുകളിൽ നടപ്പാക്കിയ വിജിലന്റ് കേരള പദ്ധതിക്ക് മോഡലായിരുന്നു കിഴക്കമ്പലം.
?സിവിൽ സർവീസിൽ നിന്ന് രാജിവയ്ക്കുന്നതിൽ വിഷമമില്ലേ
ഒന്നരവർഷമായി എന്റെ അവസ്ഥയെന്താണ്. രാജിവയ്ക്കുക എന്നുവച്ചാൽ ജോലിയുള്ളപ്പോഴാണല്ലോ. 16 മാസമായി പണിയെടുപ്പിക്കുന്നില്ല. പ്രതിമാസം 1.30ലക്ഷം വീതം 25ലക്ഷം രൂപയോളം ജനങ്ങളുടെ പണം വെറുതേ തന്നു. ജനങ്ങളാണല്ലോ ഇതിൽ പ്രതിഷേധിക്കേണ്ടത്. സസ്പെൻഷന് ആദ്യമായി ഒപ്പിട്ടവരാണ് മറുപടി പറയേണ്ടത്. ഒന്നരവർഷമായി പണിയെടുപ്പിക്കുന്നില്ല. ഉറക്കമൊഴിഞ്ഞ് പഠിച്ച് സിവിൽ സർവീസിലെത്തുന്ന ചെറുപ്പക്കാർ ഇതൊക്കെ കാണണം.
? വലിയ രണ്ട് മുന്നണികളോടാണ് ഏറ്റുമുട്ടേണ്ടത്
വിജയം തന്നെ ലക്ഷ്യം. 100മീറ്റർ ഓടാനിറങ്ങിയതുപോലെ മികച്ചസമയത്തിനകം തീർത്തിരിക്കും. എന്റെ കൂടെ മറ്റുള്ളവർ ഓടട്ടെ. അതിനുള്ള സ്റ്റാമിനയുണ്ട്.
ഇതാണ് കിഴക്കമ്പലം മോഡൽ
പതിവ് രാഷ്ട്രീയ സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരണത്തിലുള്ള 20-20 കൂട്ടായ്മ. പഞ്ചായത്തിലെ 36000പേരും വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾ.
പഞ്ചായത്തിലെ ഭവനരഹിതർക്കെല്ലാം വീട് നിർമ്മിച്ചു നൽകി. ലക്ഷംവീട് കോളനിയിലെ 37കുടുംബങ്ങൾക്ക് വില്ലകൾ നൽകി. രണ്ടുലക്ഷം രൂപയുടെ ഗൃഹോപകരണങ്ങൾ പകുതിവിലയ്ക്ക് നൽകി. പഞ്ചായത്തിലെ ജനങ്ങളെ നാലുവിഭാഗമായി തിരിച്ച് കാർഡ് നൽകിയാണ് പഞ്ചായത്ത് ക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കുന്നത്. ചുവപ്പു കാർഡുള്ളവർക്ക് എല്ലാം സൗജന്യമാണ്. ബാക്കിയുള്ളവർക്ക് അഞ്ചു രൂപയ്ക്കു പാലും 10 രൂപയ്ക്ക് അരിയും മൂന്നു രൂപയ്ക്കു മുട്ടയും 90 രൂപയ്ക്ക് ഒരു കിലോ വെളിച്ചെണ്ണയും 15 രൂപയ്ക്ക് പഞ്ചസാരയും വാങ്ങാം. സൗജന്യ ആരോഗ്യപദ്ധതി, പഞ്ചായത്തിൽ സൗജന്യ വൈ–ഫൈ, ഗർഭിണികൾക്ക് പോഷകാഹാരം തുടങ്ങിയ പദ്ധതികളുമുണ്ട്.
അഞ്ചു കോടി രൂപ മാത്രം വാർഷിക വരുമാനമുള്ള പഞ്ചായത്തിലേക്ക് പണം നൽകുന്നത് കിറ്റെക്സാണ്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതി പ്രകാരം പഞ്ചായത്തിനെ കിറ്റെക്സ് ഏറ്റെടുത്തിരിക്കുകയാണ്. ജനങ്ങളുടെ സമാധാന ജീവിതം ലക്ഷ്യമിട്ട് ദിവസം 12 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് അടച്ചു പൂട്ടി. 19ൽ 17 സീറ്റോടെയാണ് 20 - 20 അധികാരത്തിലെത്തിയത്.