periya-murder

കാസർകോട്: പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്. കൊലപാതകത്തിൽ സി.പി.എം ജില്ലാ നേതാക്കൾക്കോ ഉദുമ എം.എൽ.എയ്‌ക്കോ പങ്കില്ലെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി മുൻ അംഗം പീതാംബരനെ ശരത് ലാൽ മർദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനിടയിൽ കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെടുകയായിരുന്നു.എന്നാൽ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ പീതാംബരൻ തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് സൂചന.

അതേസമയം, കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയുന്നതിനാവശ്യമായ രേഖകളെല്ലാം കോൺഗ്രസ് നേതൃത്വം ശേഖരിച്ചു തയ്യാറാക്കി കഴിഞ്ഞു. പ്രമുഖ ക്രിമിനൽ അഭിഭാഷകനും മുൻ ഡി.സി.സി പ്രസിഡന്റുമായ അഡ്വ. സി.കെ ശ്രീധരനും മുൻ പ്രോസിക്യൂഷൻ ജനറൽ ടി.ആസിഫലിയും അടക്കമുള്ള ഒരു കമ്മറ്റിയെ തന്നെ കോൺഗ്രസ് നേതൃത്വം ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സംബന്ധിച്ച് ലോക്കൽ പൊലീസ് ആദ്യം നടത്തിയതും പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തും നടത്തുന്ന അന്വേഷണവും തൃപ്തികരമല്ലെന്നാണ് പാർട്ടിയുടെ പരാതി.