ന്യൂഡൽഹി: ബലാകോട്ട് ആക്രമണത്തിൽ ശരിക്കും എത്രപേർ മരിച്ചെന്നും, യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയാനുള്ള അവകാശമുണ്ടെന്നും കോൺഗ്രസ് നേതാവ് സാം പിത്രോദ പറഞ്ഞു. അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ബാലാകോട്ടിൽ ഒരു നാശനഷ്ടവുമുണ്ടായില്ല എന്നാണ് റിപ്പോർട്ട് ചെയ്‌തത്. ഇത് ഇന്ത്യക്കാരനെന്ന നിലയിൽ എന്നെ നാണം കെടുത്തുന്നതാണെന്നും പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എട്ട് തീവ്രവാദികൾ ആക്രമണം നടത്തിയതിന് പാകിസ്ഥാനെ മുഴുവനായി കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''ന്യൂയോർക്ക് ടൈംസ് അടക്കമുള്ള വിവിധ വാർത്താ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ ഞാൻ വായിച്ചു. അത് വായിച്ചപ്പോൾ എന്റെ മനസ്സിലുയർന്ന ചോദ്യങ്ങളിതാണ്. നമ്മൾ ശരിക്ക് ബാലാകോട്ടിൽ ആക്രമണം നടത്തിയോ? ശരിക്ക് 300 പേരെ വധിച്ചോ? എനിക്കറിയില്ല. ഇത് എനിക്കറിയാൻ അവകാശമുണ്ട്. ഈ വിവരങ്ങൾ ചോദിക്കുന്നു എന്ന പേരിൽ ഞാൻ രാജ്യവിരുദ്ധനാകില്ല.'', പിത്രോദ പറയുന്നു.
പുൽവാമ ആക്രമണത്തെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല. ഇത് എല്ലായ്‌പ്പോഴും സംഭവിക്കാറുള്ള കാര്യങ്ങളാണ്. മുംബയ് താജ് ഹോട്ടലിലും ഒബ്‌റോയി ഹോട്ടലിലും ഇത് സംഭവിച്ചിരുന്നു. അന്ന് നമുക്ക് പ്രതികരിക്കാമായിരുന്നു യുദ്ധവിമാനങ്ങളെ അയക്കാമായിരുന്നു. എന്നാൽ, അതല്ല ശരിയായ രീതി. അങ്ങനെയല്ല നമ്മൾ ലോകത്തോട് ഇടപെടേണ്ടത്. എട്ട് പേര്‍ (മുംബയ് ഭീകരാക്രമണത്തിലെ ആക്രമികൾ) ചിലത് ചെയ്‌തെന്ന് കരുതി ഒരു രാജ്യത്തിനു മുകളിലേക്ക് നാം ചാടേണ്ടതില്ല"- സാം പിട്രോഡ പറഞ്ഞു.
നേരത്തെ ബാലാകോട്ട് ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകരരെ ഇന്ത്യൻ വ്യോമസേന വധിച്ചു എന്നതിന് തെളിവ് ആവശ്യപ്പെട്ട് പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ധീരസൈനികരുടെ കുടുംബങ്ങളും രംഗത്തെത്തിയിരുന്നു. ബാലാകോട്ടിൽ എത്ര ഭീകരർ മരിച്ചു, എന്തെല്ലാം നാശനഷ്ടങ്ങളുണ്ടായി എന്നതിന് കൃത്യമായ മറുപടി നൽകാൻ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ തയ്യാറായിരുന്നില്ല. എന്നാൽ, ബാലാകോട്ടിൽ 300 പേർ കൊല്ലപ്പെട്ടിരിക്കാമെന്ന അനൗദ്യോഗിക പ്രചാരണത്തെ പരോക്ഷമായി പിന്തുണച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് രംഗത്തെത്തിയിരുന്നു.