അടച്ച ഒരു നിലവിളിയോടെ വേലായുധൻ മാസ്റ്റർ വില്ലുപോലെ പിന്നിലേക്കു വളഞ്ഞു.
വിജയ അയാളുടെ ഷർട്ടിലെ പിടിവിട്ടില്ല. ചവുട്ടിയമർത്തിയ കാൽ മടക്കിൽ നിന്ന് തന്റെ ഷൂസണിഞ്ഞ കാൽ പിൻവലിച്ചുമില്ല.
അടുത്ത നിമിഷം അവൾ വലതു കൈപ്പത്തി ലംബമാക്കി. പിന്നെ മാസ്റ്ററുടെ കഴുത്തിനു മുന്നിൽ ഒറ്റ വെട്ട്....
ചൂടുപാത്രത്തിനുള്ളിൽ നിന്ന് എന്ന വണ്ണം മാസ്റ്ററുടെ വായിൽ നിന്ന് തിളച്ച വായു പുറത്തുചാടി.
ചാകാൻ പോകുന്ന ചീങ്കണ്ണിയെപ്പോലെ അയാൾ വാ പിളർന്നു.
വിജയ പിടിവിട്ടു.
മാസ്റ്റർ മണ്ണിൽ മടങ്ങി, മലർന്നു വീണു. ഒന്നുരണ്ടു മിനിട്ടു നേരത്തേക്ക് അയാൾക്ക് അനങ്ങാനേ കഴിഞ്ഞില്ല...
പിന്നെ മീനിന്റെ ചെകിള അനങ്ങുന്നതു പോലെ നേരിയ അനക്കം കഴുത്തിൽ കണ്ടു...
ഏതോ ഗുഹയിൽ നിന്നെന്നവണ്ണം വികൃതമായ ശബ്ദം പുറത്തുവന്നു.:
''അധികാരമേ കൈവിട്ടുള്ളു ഞാൻ. എന്റെ പവ്വർ എന്താണെന്ന് നീയൊക്കെ അറിയാൻ പോകുന്നതേയുള്ളൂ.... "
അയാൾ ശ്വാസം വലിച്ചെടുത്തു:
''എന്റെ മകന്റെ ശവത്തിനു മുന്നിൽ വച്ച് ഞാൻ പറയുകയാ... കൊല്ലും നിന്നെയൊക്കെ... ആറു പേരെയും ... ഇതുപോലെ പച്ചയ്ക്ക് പെട്രോൾ ഒഴിച്ച് കത്തിച്ച്.... അതും പട്ടാപ്പകൽ... കോഴഞ്ചേരി ടൗണിനു നടുവിൽ വച്ച്."
അയാൾക്ക് ബാക്കികൂടി പറയുവാനുള്ള സമയം കൊടുത്തില്ല എസ്. ഐ വിജയ.
കാലുയർത്തി നെഞ്ചിൽ ആഞ്ഞുചവുട്ടി.
ഒരു കരിങ്കല്ല് അവിടെ പതിഞ്ഞതു പോലെ തോന്നി വേലായുധൻ മാസ്റ്റർക്ക്.
അയാൾ അറിയാതെ വാ തുറന്നുപോയി. അതുവഴി കട്ടച്ചോര കവിളിലേക്കൊഴുകി.
വിജയ ചീറി.
''താൻ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല. ആരെയും പച്ചക്കു കത്തിക്കത്തുമില്ല. തന്നെപ്പോലെ അധികാര ഭ്രാന്തുപിടിച്ച് മതനേതാക്കളുടെ കാലുനക്കി ഭരണം ഉറപ്പിക്കാൻ വെമ്പുന്നവർക്കുള്ള ഒരു പാഠമാകും തന്റെ ജീവിതം. അഞ്ചുവർഷം കൂടുമ്പോൾ പല്ലിളിച്ചുകൊണ്ട് ജനങ്ങളുടെ മുന്നിൽ ചെന്ന് കഴിയാത്ത വാഗ്ദാനങ്ങൾ നൽകി ജയിക്കാമെന്ന് വിചാരിക്കുന്നവന്മാർക്ക് ഒരു മുന്നറിയിപ്പാകണം തന്റെ ജീവിതം."
വികാര വിക്ഷോഭത്താൽ വിജയയുടെ മാറിടം വല്ലാത്ത വേഗത്തിൽ ഉയർന്നു താണു.
''അത്താഴപ്പട്ടിണിക്കാരന്റെയും ആദിവാസികളുടെയും വരെ അരിക്കലത്തിൽ കയ്യിട്ടുവാരുന്ന നിന്നെപ്പോലെയുള്ള നികൃഷ്ടരുടെ പരമ്പര ഇവിടെ അവസാനിക്കണം. അന്ധമായ രാഷ്ട്രീയത്തിന്റെ പേരിൽ തമ്മിൽത്തല്ലിയും തലകീറിയും കുടൽമാല വലിച്ചെടുത്തും നിനക്കൊക്കെ വേണ്ടി രക്തസാക്ഷികളെ സൃഷ്ടിച്ച് വോട്ട് ബാങ്ക് ആക്കുന്നവരുണ്ടല്ലോ.. അണികൾ! നീയൊക്കെ എരികേറ്റി വിടുന്ന പാവങ്ങൾ.. തിരിച്ചറിവിന്റെ ബാലപാഠങ്ങൾ പോലും തലച്ചോറിൽ നിന്ന് ഊറ്റിയെടുത്തിട്ട് അവിടെ രാഷ്ട്രീയത്തിന്റെ വിഷം കുത്തിനിറച്ച് തെരുവിലേക്ക് നീയൊക്കെ ഇറക്കിവിടുന്ന പുതിയ തലമുറക്കാർ.... അവർ തിരിച്ചറിയണം... സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയാത്ത നേതാക്കന്മാർക്ക് അണികളെ രക്ഷിക്കാൻ കഴിയില്ലെന്ന്..."
വിജയ ഒന്നു നിർത്തി.
തറയിൽ കിടന്നുകൊണ്ട് മാസ്റ്റർ അവളെ തുറിച്ചുനോക്കി. അവൾ തന്റെ മുന്നിൽ ഒരു കുന്നോളം വളർന്നു നിൽക്കുന്നത് അയാൾ കണ്ടു.
വിജയയുടെ കടിച്ചു പിടിച്ച പല്ലുകൾക്കിടയിലൂടെ ചതഞ്ഞരഞ്ഞ വാക്കുകൾ വീണ്ടും പുറത്തുചാടി.
''സംരക്ഷിക്കാൻ ആള് ഇല്ലെന്നു കണ്ടുകഴിഞ്ഞാൽ എതിരാളിയെ വകവരുത്തുന്ന രീതി അണികൾ ഉപേക്ഷിക്കും. ഉപേക്ഷിക്കണം. അതിനുള്ള പുതിയ പരീക്ഷണമാണ് നിന്നിലൂടെ ഞാൻ നടത്താൻ പോകുന്നത്. നിനക്കു ശേഷം രാഹുൽ. ഈ രാത്രി അവസാനിക്കുമ്പോൾ കേരളത്തിന് ഒരു പുതിയ മുഖമായിരിക്കും.
കിതച്ചുകൊണ്ട് വിജയ, മാസ്റ്ററുടെ നെഞ്ചിൽ നിന്നു കാൽ മാറ്റി.
''ഇനി നിനക്ക് ചെയ്തതും ചെയ്യിച്ചതും ഓർക്കാൻ ഒരു മിനുട്ട്."
പറഞ്ഞുകൊണ്ട് വിജയ പിന്നോട്ട് കൈ നീട്ടി.
ഡ്രൈവർ സുമം ഒരു കനമുള്ള പ്ളാസ്റ്റിക് കയറിന്റെ അഗ്രം അവിടേക്കു വച്ചുകൊടുത്തു.
വിജയ അതുയർത്തി മാസ്റ്ററെ കാണിച്ചു.
''ഇത് കാലപാശം! കൽക്കിയുടെ കാലപാശം! അങ്ങ് നരകത്തിൽ നിനക്ക് എളുപ്പത്തിൽ എത്താനുള്ള റൂട്ട് ക്ളിയറാക്കിക്കഴിഞ്ഞു....."
മാസ്റ്റർ വല്ലാതെ ഭയന്നു.
''വിജയ... എന്നെ കൊല്ലരുത്."
അവൾ അത് ശ്രദ്ധിച്ചില്ല. കയറിന്റെ അഗ്രത്തിൽ ഒരു കുടുക്ക് ഉണ്ടാക്കി.
[തുടരും]