yedyurappa-diary

ന്യൂഡൽഹി: തിര‌ഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബി.ജെ.പിയെ വെട്ടിലാക്കി കേന്ദ്രനേതാക്കൾ കൈക്കൂലി വാങ്ങിയ കണക്കുകളും ‌തെളിവുകളും പുറത്തുവിട്ട് കാരവൻ മാഗസിൻ. ആദായ നികുതി വകുപ്പിന്റെ കൈവശമുള്ള ബി.ജെ.പി കർണാടക അദ്ധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പയുടെ ഡയറിയാണ് മാഗസിൻ പുറത്തുവിട്ടത്. കർണാടക മുഖ്യമന്ത്രിയാവാൻ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് യെദ്യൂരപ്പ കൈക്കൂലി നൽകിയെന്നാണ് ആരോപണം. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അരുൺ ജെയ്‌റ്റ്ലി, രാജ്‌നാഥ് സിംഗ് തുടങ്ങിയ ബി.ജെ.പിയുടെ കേന്ദ്രനേതാക്കൾ യെദ്യൂരപ്പയിൽ നിന്നും 1800 കോടി രൂപ കൈക്കൂലി വാങ്ങിയതായാണ് ആരോപണം. ഇതിന് പിന്നാലെ ബി.ജെ.പി നേതാക്കൾക്കെതിരെ രംഗത്തുവന്ന കോൺഗ്രസ് നേതാവ് ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. കാവൽക്കാരൻ കള്ളനാണെന്ന് ഇതോടെ തെളിയുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൈക്കൂലി കണക്ക് ഇങ്ങനെ

ബി.ജെ.പി കേന്ദ്രകമ്മിറ്റി - 1000 കോടി

നിതിൻ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് - 150 കോടി

അരുൺ ജെയ്‌റ്റ്‌ലി - 150 കോടി

രാജ്‌നാഥ് സിംഗ് - 100 കോടി

എൽ.കെ.അദ്വാനി - 50 കോടി

മുരളി മനോഹർ ജോഷി - 50 കോടി

കർണാടകയിൽ ഭരണത്തിലിരിക്കുമ്പോൾ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പണം നൽകിയിട്ടുണ്ടെന്ന യെദ്യൂരപ്പയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. യെദ്യൂരപ്പയും ബി.ജെ.പി നേതാവ് അനന്തകുമാറും നടത്തിയ സംഭാഷണമാണ് പുറത്തായത്. സംഭാഷണത്തിലെ ശബ്‌ദം ഇരുവരുടേതും തന്നെയാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. പാർട്ടി ഓഫീസിൽ വച്ച് ഇരുവരും തമ്മിൽ നടത്തിയ സംഭാഷണത്തിനിടെ മൈക്ക് ഓഫ് ചെയ്യാൻ മറന്നതാണ് വിനയായത്. ഇതിന് പിന്നാലെ നേതാക്കൾക്ക് പണം നൽകിയ വിവരങ്ങൾ അടങ്ങിയ ഡയറി ആദായ നികുതി വകുപ്പ് കസ്‌റ്റഡിയിൽ എടുത്തു. എന്നാൽ ഇതിലെ വിവരങ്ങൾ പുറത്തുവിടാൻ വകുപ്പ് തയ്യാറായിരുന്നില്ല. ഈ ഡയറിയിലെ വിവരങ്ങളാണ് ഇപ്പോൾ കാരവൻ പുറത്തുവിട്ടത്.

വിവാദമായ സംഭാഷണം

*അനന്തകുമാർ: അധികാരത്തിലിരുന്നപ്പോൾ താങ്കൾ പണം കൊടുത്തിട്ടുണ്ട്. ഞാനും കൊടുത്തിട്ടുണ്ട്. പണം കൊടുത്തിട്ടില്ലെന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്നാൽ, 1000 കോടി നൽകിയിട്ടില്ല. എത്രയാണെന്ന് പറഞ്ഞാലല്ലേ അറിയൂ.

*യെദ്യൂരപ്പ: എല്ലാവരും കൊടുത്തിട്ടുണ്ടാകും. ആരാണ് ഇതെല്ലാം എഴുതിവെക്കുന്നത്.

*അനന്തകുമാർ: ഒരു തീപ്പൊരിയുണ്ടായാൽ അതു കാട്ടുതീപോലെ പടരും. 1000 കോടി കൊടുത്തിട്ടില്ലെന്ന് ആരും വിശ്വസിക്കില്ല. കൊടുത്തുവെന്ന് എല്ലാവരും പറയും.

*യെദ്യൂരപ്പ: ഡയറി പുറത്തുവരട്ടെ.

*അനന്തകുമാർ: അതെ, തിരഞ്ഞെടുപ്പുവരെ അവർ അതിനുത്തരം പറയേണ്ടിവരും. പറയട്ടെ.

yedyurappa-diary

ചൗക്കീദാർ കള്ളന്മാരുടെ സർദാറെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി കാവൽക്കാരൻ അല്ലെന്നും കാവൽക്കാരുടെ സർദാറാണെന്നും കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. ഡയറിയിൽ പ്രതിപാദിച്ചിട്ടുള്ള പേരുകാരുടെ പേരിൽ നിർബന്ധമാകും കേസെടുക്കണമെന്നും പുതിയ ലോക്‌പാലിന്റെ ആദ്യ കേസ് ഇതായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെളിപ്പെടുത്തലുകളിൽ മോദി അടിയന്തരമായി പ്രതികരിക്കണം. ഈ ഡയറിയിലെ വസ്തുതകൾ ശരിയാണോ അല്ലെങ്കിൽ കെട്ടിച്ചമച്ചതാണോയെന്ന് പറയേണ്ടത് ബി.ജെ.പി നേതൃത്വമാണ്. തെറ്റാണെങ്കിൽ ഈ റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കാൻ ധൈര്യമുണ്ടോയെന്നും കോൺഗ്രസ് വക്താവ് ചോദിച്ചു.