തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു കഴിഞ്ഞു രാജ്യം. കേരളത്തിൽ രാഷ്‌ട്രീയ കക്ഷികളെല്ലാം പ്രചരണ തന്ത്രങ്ങളുമായി മുന്നോട്ട് പോവുകയാണ്. എന്നാൽ സ്ഥാനാർത്ഥികളെക്കാളും അങ്കലാപ്പിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ. പലർക്കും കല്യാണവും, പ്രസവ ശുശ്രൂഷയുമൊക്കെ തന്നെയാണ് വിഷയം. തന്റെ വിവാഹത്തിനു ലോക്‌സഭാ തിരഞ്ഞെടുപ്പ് പാരയാകരുതെന്ന അഭ്യർഥനയുമായി പ്രതിശ്രുത വധു വരെ രംഗത്തെത്തി കഴിഞ്ഞു.
ഏപ്രിൽ 21നാണ് വാഴക്കാല സ്വദേശിയായ അദ്ധ്യാപികയുടെ വിവാഹം. പോളിംഗ് ഡ്യൂട്ടി നിയമനത്തിനുള്ള പട്ടിക സ്‌കൂളിൽനിന്നു കളക്‌ടറേറ്റിലേക്കു നൽകിയിട്ടുണ്ട്. നിയമനം കിട്ടിയാൽ വിവാഹപ്പിറ്റേന്നു രാവിലെ പോളിംഗ് ഡ്യൂട്ടിക്കു ഹാജരാകേണ്ടി വരും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപേ നിശ്ചയിച്ചതാണ് വിവാഹം. പോളിംഗ് ഡ്യൂട്ടിക്ക് നിയമന ഉത്തരവ് ലഭിച്ചാൽ അപ്പോൾ നോക്കാമെന്ന തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരുടെ ആശ്വാസവാക്കു കേട്ട് അവർ മടങ്ങി.
വിദേശത്തുള്ള മകളുടെ പ്രസവത്തീയതി അടുത്തെന്നും, ശുശ്രൂഷയ്‌ക്ക് അവിടേക്കു പോകാനുള്ള ഒരുക്കത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് കോളജ് അദ്ധ്യാപിക എത്തിയത്. പോളിംഗ് ഡ്യൂട്ടിക്കു നിയമിക്കാതിരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ കനിവു തേടി എത്തുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഏപ്രിൽ അവസാനമാണ് മകളുടെ പ്രസവത്തീയതി ഡോക്‌ടർ പറഞ്ഞിരിക്കുന്നത്.
പോളിംഗ് ഡ്യൂട്ടിക്കു നിയമിക്കാതിരിക്കാൻ ഒട്ടേറെ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള അന്വേഷണം ഫോണിലൂടെയും കളക്‌ടറേറ്റിലേക്കു വരുന്നുണ്ട്. നിയമന ഉത്തരവ് നൽകും മുൻപേ ഒഴിവാക്കലിനു ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് തീരുമാനം. പോളിംഗ് ഡ്യൂട്ടി ഇളവ് ലഭിക്കാൻ നിയമപരമായി അവകാശമുള്ളവരുടെ വിവരങ്ങൾ ഓഫിസുകളിൽനിന്നു മുൻകൂട്ടി ശേഖരിക്കുന്നുണ്ട്. ജീവനക്കാരുടെ പട്ടിക കലക്ടറേറ്റിലേക്കു നൽകുമ്പോൾ ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് നിർദേശം.പൂർണ ഗർഭിണികൾ, മുലയൂട്ടുന്ന കുഞ്ഞുങ്ങളുള്ള അമ്മമാർ, കാൻസർ പോലുള്ള മാരക രോഗം ബാധിച്ചവർ, ഡയാലിസിസിനു വിധേയരാകുന്നവർ, സമീപകാലത്ത് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കു പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഇളവ് ലഭിച്ചേക്കും.