വെരിക്കോസ് വെയിൻ അഥവാ സിരാഗ്രന്ഥി കാരണം വേദനിക്കുന്നവർ ഇന്ന് നിരവധിയാണ്. നമ്മുടെ ശരീരത്തിൽ രക്തമൊഴുകുന്ന സിരകളിലെ വാൽവുകൾക്ക് തകരാറ് സംഭവിക്കുമ്പോഴാണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്. പാരമ്പര്യം, അമിതവണ്ണം ഒക്കെ ഇതിന് കാരണമാകാം. തുടർച്ചയായി നിന്ന് ജോലി ചെയ്യുന്നവർ, ഭാരം ചുമക്കുന്നവർ തുടങ്ങിയവരിൽ ഇത് കൂടുതലായും കാണുന്നു.
പൈൽസ് രോഗികൾ, ഹൈപ്പർ ടെൻഷൻ ഉള്ളവർ, ഗർഭിണികൾ എന്നിവരിലും വെരിക്കോസ് വെയിനിന് സാധ്യതകളേറെയാണ്. ആയുർവേദ ചികിത്സകൊണ്ട് രോഗികൾക്ക് വളരെയധികം ആശ്വാസം നൽകാനാകും. സൂചികൊണ്ട് കുത്തുന്നത് പോലെയുള്ള വേദന, തരിപ്പ്, കാലിന് കനംതോന്നുക, ക്ഷീണം, രക്തധമനികൾ പിരിഞ്ഞിരിക്കുന്നത്, സിരകളിലെ നിറവ്യത്യാസം എന്നിവയായിരിക്കും വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങൾ. ഇവയ്ക്ക് പുറമെ ചൊറിച്ചിൽ, പുണ്ണ് തുടങ്ങിയവയുമുണ്ടാകാം.
വെയിൻ പൊട്ടി രക്തമൊഴുകുന്ന സ്ഥിതിയുമുണ്ടാകും. ഇത് മാറാത്തവിധം അൾസറിനും കാരണമാകാം. സിരകൾ തടിച്ചുവീർത്ത ഭാഗത്തെ ചർമത്തിൽ രൂപപ്പെടുന്ന വ്രണങ്ങൾ രോഗം സങ്കീർണമാക്കിയേക്കാം. കാലുകളിൽ കൂടുതൽ നേരം രക്തം കെട്ടിക്കിടക്കുന്നത് മൂലമാണ് ഇത്തരം വ്രണങ്ങൾ രൂപപ്പെടുന്നത്. വൃഷണത്തിൽ ഉണ്ടാവുന്ന വെരിക്കോസ് വെയിൻ പുരുഷവന്ധ്യതയ്ക്കും കാരണമാകും.
രോഗത്തിനെതിരെയുള്ള കരുതലിൽ പ്രധാനം വ്യായാമം തന്നെ. ഇതുവഴി രക്തപ്രവാഹം സുഗമമാകും. ശരീരഭാരം കുറയ്ക്കുക. ധാന്യങ്ങൾ പയറുവർഗങ്ങൾ, ഇലക്കറികൾ എന്നിവയും നാരുകൾ കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ ശീലമാക്കുക. ഉപ്പ്, തൈര് തുടങ്ങിയവ കുറയ്ക്കുക. വറുത്തതും പൊരിച്ചതുമായ കൊഴുപ്പ് കൂടിയ ആഹാരങ്ങൾ, ഫാസ്റ്റ് ഫുഡ്, മാംസാഹാരം കഴിവതും ഒഴിവാക്കുക. കാൽ ഉയർത്തിവയ്ക്കുന്നത് രോഗികൾക്ക് ആശ്വാസം നല്കും.