കണ്ണൂർ: ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി എന്ന നിലയിലേക്ക് തരം താണിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എ.കെ.ജി ദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഭരണത്തിലിരുന്ന സംസ്ഥാനങ്ങൾ മുഴുവൻ ബി.ജെ.പിയിലേക്ക് പോയി. അവിടെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ ബി.ജെ.പിയെ അധികാരത്തിലേറ്റുകയായിരുന്നില്ല. മറിച്ച് കോൺഗ്രസ് കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുകയായിരുന്നു. ഇങ്ങനെയൊരു നാണംകെട്ട പാർട്ടിയെ കാണാൻ പറ്റുമോ- പിണറായി ചോദിച്ചു.
മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷതവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എമാരായ എ.എൻ. ഷംസീർ, ജയിംസ് മാത്യു, ടി.വി. രാജേഷ്, മേയർ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പി. ശശി എന്നിവർ പ്രസംഗിച്ചു.
അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിലുമെന്ന്
കോൺഗ്രസ് - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിലുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്.ഡി.പി.ഐ - മുസ്ളിംലീഗ് കൂട്ടുകെട്ട് നിലവിൽ വന്നുകഴിഞ്ഞു. ആർ.എസ്.എസിനെയും എസ്.ഡി.പി.ഐയെയും ഒന്നിച്ചുനിറുത്തി നാല് വോട്ടുപിടിച്ച് ഒരു സീറ്റെങ്കിലും നിലനിറുത്താൻ സാധിക്കുമോയെന്നാണ് കോൺഗ്രസ് നോക്കുന്നത്. ഇതിനെതിരേ പാർട്ടി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും പിണറായി പറഞ്ഞു.