മാർച്ച് 22 ലോകം ജലദിനമായി ആചരിക്കുമ്പോൾ ജലത്തിന്റെ വില ശരിക്കും മനസിലാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. കത്തുന്ന വേനൽ സൂര്യന്റെ ചൂട് സഹിക്കുന്നതിനും അപ്പുറമായിരിക്കുന്നു. നാട്ടിലെ ജലാശയങ്ങൾ വറ്റി വരളുമ്പോൾ ഒരു തുള്ളി ദാഹജലത്തിനായി അലയുന്ന പക്ഷികളെയും നമുക്ക് ചുറ്റും കാണാനാവും.
ദാഹജലത്തിലായി അലയുന്ന കിളികൾക്ക് വീട്ടിൽ വെള്ളത്തൊട്ടികൾ ഒരുക്കി നൽകാൻ നമ്മൾ ശ്രദ്ധിയ്ക്കണം. വീട്ടു പറമ്പിലും മരക്കൊമ്പുകളിലുമൊക്കെ പാത്രങ്ങളിലും കുപ്പികളിലുമായി വെള്ളം നിറച്ചു വെക്കുകയാണ് ഇതിനായി നാം ചെയ്യേണ്ടത്. ഒന്നോ രണ്ടോ ദിവസം കൂടുമ്പോൾ വെള്ളം മാറ്റി നിറയ്ക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കണം. ഈ ജോലികൾ വീട്ടിലെ കുട്ടികളെ ഏൽപ്പിക്കാവുന്നതാണ്. ഉറവ വറ്റാത്ത നന്മമനസ് അവർക്ക് ചെറുപ്രായത്തിലേ സ്വന്തമാവട്ടെ, ഇത് കൂടാതെ പക്ഷികളെ നിരീക്ഷിക്കുവാനും അവയെക്കുറിച്ച് കൂടുതൽ അറിയുവാനും കുട്ടികൾക്ക് ഇതിലൂടെ കഴിയും.