election-2019

ആലപ്പുഴ: മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ നിരന്നതോടെ ആലപ്പുഴയിൽ മത്സരത്തിന്റെ ഗതിമാറുകയാണ്. ഇനി കടുത്ത പേരാട്ടത്തിന്റെ നാളുകൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫാണ് ആദ്യം ഗോദയിലിറങ്ങിയതെങ്കിലും പിന്നാലെയെത്തിയ ഷാനിമോളും ഒപ്പം പിടിച്ചു. ഇപ്പോഴിതാ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണനും കച്ചമുറുക്കിയതോടെ ത്രികോണ മത്സരത്തിന്റെ ചൂടിലേക്ക് മണ്ഡലം മാറുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ മണ്ഡലം ഇളക്കിയുള്ള പ്രചാരണത്തിനാണ് ബി.ജെ.പി ഇറങ്ങുന്നത്.

ആരിഫും ഷാനിമോളും മത്സരരംഗത്ത് അനുഭവങ്ങൾ ‌ഏറെയുള്ളവർ. രാധാകൃഷ്ണൻ പുതുമുഖവും. ആരിഫ് മൂന്ന് തവണ ആരൂരിൽ മത്സരിച്ച് ജയിച്ചതിന്റെ പാഠങ്ങളിൽ നിന്നാണ് പാർലമെന്റിലേക്ക് പയറ്റുന്നത്. ഷാനിമോൾ ഒറ്റപ്പാലത്തു നിന്നും പെരുമ്പാവൂരിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചതിന്റെ പരിചയ സമ്പത്തുമായാണ് പോരാട്ടം നടത്തുന്നത്. തിരഞ്ഞെടുപ്പിന്റെ തത്വശാസ്ത്രം കണ്ടറിഞ്ഞവരാണ് ഇരുവരും. അതുകൊണ്ടുതന്നെ വോട്ടർമാർക്കിടയിൽ നിറഞ്ഞുനിൽക്കുകയാണ്. വോട്ടർമാരുടെ പൾസ് കണ്ടറിഞ്ഞ് എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുന്നു.

രാധാകൃഷ്ണൻ മത്സരത്തിൽ പുതുമുഖമാണെങ്കിലും അനുഭവങ്ങൾ ഏറെയുള്ളയാൾ. വി.സിയായും പി.എസ്.സി ചെയർമാനുമായിരുന്നതിന്റെയും നിരവധി ഗവേണിംഗ് ബോഡിയിൽ അംഗമായിരുന്നതിന്റെയും കരുത്തിലാണ് മത്സരിക്കുന്നത്.

ആരിഫും ഷാനിമാേളും അഭിഭാഷകരാണെങ്കിൽ രാധാകൃഷ്ണൻ കോളേജ് അദ്ധ്യാപകനും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു. പ്രഭാഷകനെന്ന നിലയിലും ശ്രദ്ധേയൻ. സജീവ പ്രചാരണവുമായി സ്ഥാനാർത്ഥികൾ ഇറങ്ങിയതോടെ വരുംദിവസങ്ങളിൽ കടുത്ത പോരാട്ടമാവും ആലപ്പുഴയിൽ നടക്കുക. ത്രികോണ മത്സരത്തിന്റെ ചൂടാണ് മണ്ഡലത്തിൽ. അതിനാൽ, പ്രവചനം അസാദ്ധ്യം.