തിരുവനന്തപുരം: ത്രീ വീലറിനും ഫോർ വീലറിനും ഇടയിലുള്ള പുതിയ ക്വാഡ്രി സൈക്കിൾ വിഭാഗത്തിൽ ഇന്ത്യയിൽ ഇതാദ്യമായി ബജാജ് ഒാട്ടോ അവതരിപ്പിക്കുന്ന ക്യൂട്ട് കാർ വിപണിയിലിറങ്ങി.
കോവളം ലീലാ റാവിസ് ഹോട്ടലിൽ നടന്ന ആൾ ഇന്ത്യാ ലോഞ്ചിംഗിൽ ബജാജ് ഒാട്ടോ ആൾ ഇന്ത്യ ജനറൽ മാനേജർ എം.നരസിംഹൻ, ബിസിനസ് പ്ലാനിംഗ് മാനേജർ പ്രശാന്ത് ആഹേർ, ബജാജ് കേരള മേധാവി പ്രദീപ് രാമചന്ദ്രൻ, ബജാജ് ഒാട്ടോ കേരള ഡീലർമാർ തുടങ്ങിയവർ പങ്കെടുത്തു. ബജാജ് ക്യൂട്ട് കാറിന്റെ അംഗീകൃത ഡീലറായ കല്ലിംഗൽ ബജാജാണ് ചടങ്ങിന് ആതിഥേയത്വം വഹിച്ചത്.
പെട്രോളിൽ ലിറ്ററിന് 35 കിലോമീറ്ററും സി.എൻ.ജിയിൽ 43 കിലോമീറ്ററും മൈലേജ് നൽകുന്ന ബജാജ് ക്യൂട്ട് കാറിന് 450 കിലോഗ്രാം മാത്രമാണ് ഭാരം. നാല് പേർക്ക് സഞ്ചരിക്കാം. നഗര യാത്രകൾക്ക് ഏറെ അനുയോജ്യവും എത്ര തിരക്കിലും സുഖമായി പാർക്കുചെയ്യാനും കഴിയും. ഏറെ ഇന്ധന ക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവുമാണ് സവിശേഷത. 2,58,065 രൂപയാണ് എക്സ് ഷോറൂം വില.
സ്വകാര്യ കാറായും ടാക്സി ആയും ഉപയോഗിക്കാനുള്ള അനുവാദം ക്യൂട്ടിന് ലഭിച്ചിട്ടുണ്ടെന്ന് ബജാജ് ജനറൽ മാനേജർ എം. നരസിംഹൻ പറഞ്ഞു. അത്യന്താധുനിക സൗകര്യങ്ങളുള്ള കാറുകൾ ദൂരയാത്രകൾക്കായാണ് തയ്യാറാക്കിയിരിക്കുന്നതെങ്കിൽ നഗരത്തിനകത്ത് 30-40 കിലോമീറ്രർ വേഗതയിൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ക്യൂട്ട് കാറിന്റെ സംവിധാനം. നഗരത്തിൽ പാർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് കൂടി കണക്കിലെടുക്കുമ്പോൾ ഈ ചെറിയ കാറിന് പാർക്കിംഗിനുള്ള സ്ഥലം കിട്ടാൻ എളുപ്പമാകും. മൂന്നര മീറ്രർ മാത്രം ഉള്ള ടേണിംഗ് റേഡിയസ് നഗരത്തിനകത്ത് വളയ്ക്കാനും തിരിക്കാനും സൗകര്യപ്രദമാണ്. നല്ല ശക്തിയുള്ള മോണോ കോക്ക് ബോഡിയായതുകാരണം വാഹനം സുരക്ഷിതമാണ്. കാർബൺ പുറത്തുവിടുന്നത് മറ്രു കാറുകളേക്കാൾ കുറവായതിനാൽ കൂടുതൽ പരിസ്ഥിതി അനുകൂലമാണിത്.
ഇക്കോ ഗ്രീൻ, നെപ്റ്റ്യൂൺ ബ്ലൂ, ഗോൾഡൻ യെലോ, ആർക്‌ടിക് വൈറ്ര്, ബ്രൈറ്റ് റെഡ്, ജെറ്ര് ബ്ലാക്ക് തുടങ്ങിയ നിറങ്ങളിൽ കാറുകൾ ലഭ്യമാണ്. പെട്രോളിലും സി.എൻ.ജിയിലും ഉപയോഗിക്കാവുന്ന കാറുകൾ തയ്യാറായിട്ടുണ്ട്. ഇരു കാറുകളുടേയും കപ്പാസിറ്രി 216 സി.സിയാണ്. സി.എൻ.ജിയുടെ ഫ്യൂവൽ ടാങ്ക് 35 ലിറ്രറിന്റേതാണെങ്കിൽ പെട്രോളിന്റേത് എട്ട് ലിറ്രറിന്റേതാണ്.