ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‌പനയിലൂടെ നടപ്പു സാമ്പത്തിക വർഷം കേന്ദ്രസർക്കാർ ഇതുവരെ സമാഹരിച്ചത് 85,000 കോടി രൂപ. ലക്ഷ്യമിട്ടതിനേക്കാൾ 5,000 കോടി രൂപ അധികമാണിത്.
മ്യൂച്വൽഫണ്ട് മാതൃകയിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‌ക്കുന്ന പദ്ധതിയായ സി.പി.എസ്.ഇ-ഇടി.എഫിന്റെ അഞ്ചാംഘട്ടത്തിലൂടെ ഈമാസം 9,500 കോടി രൂപയും റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷനിൽ (ആർ.ഇ.സി) സർക്കാരിനുള്ള 52.63 ശതമാനം ഓഹരികൾ പവർ ഫിനാൻസ് കോർപ്പറേഷന് വിറ്റതിലൂടെ 14,500 കോടി രൂപയും നേടിയതിലൂടെയാണ് മൊത്തം ലക്ഷ്യം 85,000 കോടി രൂപ കടന്നത്.
പൊതുമേഖലാ ഓഹരികൾ വിറ്റഴിച്ച് അടുത്ത സാമ്പത്തിക വർഷം സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 90,000 കോടി രൂപയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ അഞ്ചാംഘട്ട എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിലൂടെ (ഇ.ടി.എഫ്) 3,500 കോടി രൂപയാണ് കേന്ദ്രസർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ, സമാഹരണം മൂന്നുമടങ്ങളോളം കുതിച്ച് 9,500 കോടിയിലെത്തി.
ഒന്നുമുതൽ അഞ്ചുവരെയുള്ള ഘട്ടങ്ങളിലായി ഈയിനത്തിലൂടെ മൊത്തം 38,000 കോടി രൂപ കേന്ദ്രം നേടി. മുൻനിര സ്ഥാപനങ്ങളായ ഒ.എൻ.ജി.സി., എൻ.ടി.പി.സി., കോൾ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ, പവർ ഫിനാൻസ് കോർപ്പറേഷൻ, ഭാരത് ഇലക്‌ട്രോണിക്‌സ് തുടങ്ങിയവയുടെ ഓഹരികളാണ് അഞ്ചാംഘട്ട ഇ.ടി.എഫിൽ വില്‌പനയ്‌ക്കുണ്ടായിരുന്നത്.
ജനുവരിയിൽ പിറന്നത് റെക്കാഡ് തൊഴിലുകൾ
രാജ്യം വീണ്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കവേ, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് ആശ്വാസം പകർന്ന് ഇ.പി.എഫ്.ഒയുടെ തൊഴിൽ ഡാറ്റ കണക്ക്. ജനുവരിയിൽ പുതുതായി 8.96 ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കപ്പെട്ടെന്നും ഇത് റെക്കാഡാണെന്നുമാണ് എംപ്ളോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. ഡിസംബറിൽ ഏഴുലക്ഷം പേർക്കും കഴിഞ്ഞവർഷം ജനുവരിയിൽ 3.87 ലക്ഷം പേർക്കുമാണ് തൊഴിൽ ലഭിച്ചിരുന്നത്.
ജി.ഡി.പി: ഇന്ത്യ 6.8% വളരുമെന്ന് ഫിച്ച്
ഇന്ത്യയുടെ ജി.ഡി.പി വളർച്ച തളർച്ചയുടെ ട്രാക്കിലാണെന്ന് പ്രമുഖ റേറ്രിംഗ് ഏജൻസിയായ ഫിച്ചിന്റെ വിലയിരുത്തൽ. അടുത്ത സാമ്പത്തിക വർഷം (2019-20) ഇന്ത്യ 6.8 ശതമാനം വളരും. ഫിച്ചിന്റെ ആദ്യ വിലയിരുത്തലിൽ ഇത് ഏഴ് ശതമാനമായിരുന്നു. 7.1 ശതമാനമായിരിക്കും 2020-21ലെ വളർച്ച. നടപ്പുവർഷം ഇന്ത്യ 7.8 ശതമാനം വളരുമെന്ന് വിലയിരുത്തിയ ഫിച്ച്, പിന്നീടിത് 7.2 ശതമാനമായി പുനർനിശ്‌ചയിച്ചിരുന്നു. ക്രൂഡോയിൽ വില വർദ്ധനയും ഉയരുന്ന ഭക്ഷ്യവിലപ്പെരുപ്പവുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയെന്നും ഫിച്ച് അഭിപ്രായപ്പെട്ടു.