periya-murder

കാസർകോട്: പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകം വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലുള്ളതാണെന്നും കൊലയ്ക്കു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മലപ്പുറം ഡിവൈ.എസ്.പി വി.എം. പ്രദീപ് ക്രൈംബ്രാഞ്ച് ഐ.ജിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ സംഘത്തിന് വർഷങ്ങളായി ഈ യുവാക്കളോട് വൈരാഗ്യം ഉണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ മുരളി, രഞ്ജിത്ത് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് വൈരാഗ്യം നിലനിന്നിരുന്നതു സംബന്ധിച്ച വ്യക്തമായ മൊഴികൾ ലഭിച്ചത്. സാമ്പത്തികവും സാമുദായികവുമായ ഭിന്നതയും കല്യോട്ട് നിലനിന്നിരുന്നു. യുവാക്കളുടെ ഗ്രൂപ്പുകൾ തമ്മിൽ നിലനിന്നിരുന്ന വൈരാഗ്യം മൂർച്ഛിച്ചാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പറയുന്നു.

അതേസമയം,​ ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. സംഭവം രാഷ്ട്രീയ കൊലപാതകം അല്ലെന്നാവുകയാണെങ്കിൽ ആരോപണ വിധേയരായ പലരും കേസിൽ നിന്ന് രക്ഷപ്പെടും. അതിനുള്ള ശ്രമമാണിത്. അന്വേഷണ സംഘത്തിൽ മുഴുവൻ സി.പി.എം അനുകൂലികളായ ഓഫീസർമാരാണെന്ന് കോൺഗ്രസ് നേരത്തേ ആരോപിച്ചിരുന്നു.

റിപ്പോർട്ട് ഡി.ജി.പി തള്ളണമെന്ന്

ക്രൈംബ്രാഞ്ച് തട്ടിക്കൂട്ടി ഉണ്ടാക്കിയ അന്വേഷണ റിപ്പോർട്ട് ഡി.ജി.പി തള്ളിക്കളയണമെന്ന് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ തിരക്കഥ അനുസരിച്ചാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയ്യാറാക്കിയത്. കൊലപാതകം വ്യക്തിപരമാണെങ്കിൽ സി.ബി.ഐ അന്വേഷണത്തെ സി.പി.എം എന്തിനു ഭയക്കണം. ജനങ്ങളുടെ സംശയം ദൂരീകരിക്കാൻ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം.