ആംസ്റ്രർഡാം: യൂറോകപ്പ് 2020 യോഗ്യതാ പോരാട്ടങ്ങളിൽ ഹോളണ്ടും ബൽജിയവും തകർപ്പൻ ജയം നേടിയപ്പോൾ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ പിന്നിൽ നിന്ന ശേഷം പൊരുതിക്കയറി വിജയം പിടിച്ചെടുത്തു. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ബലാറസിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് ഹോളണ്ട് തകർത്തത്. രണ്ട് ഗോളും രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞ മെ ം ഫിസ് ഡിപെയാണ് ഹോളണ്ടിന്റെ വിജയ ശില്പി. വിജ്നാൾഡം, വാൻഡിജ്ക് എന്നിവരും ഹോളണ്ടിനായി ലക്ഷ്യം കണ്ടു. കഴിഞ്ഞ ലോകകപ്പിനും യൂറോകപ്പിനും യോഗ്യത നേടാൻ കഴിയാതിരുന്ന ഹോളണ്ട് യുവതാരങ്ങളുടെ കരുത്തിൻ തകർപ്പൻ തിരിച്ചുവരവാണ് ലക്ഷ്യം വയ്ക്കുന്നത്.
സൂപ്പർ താരങ്ങളായ റൊമേലു ലുകാകുവും, കെവിൻ ഡിബ്രൂയിനെയും ഇല്ലാതിറങ്ങിയിട്ടും ഗ്രൂപ്പ് ഐയിലെ പ്രധാന എതിരാളികളായ റഷ്യയ്ക്കെതിരെ 3-1ന്റെ മികച്ച വിജയമാണ് ബെൽജിയം നേടിയത്. പെനാൽറ്രിയിൽ നിന്നുൾപ്പെടെ രണ്ട് ഗോൾ നേടിയ ഈഡൻ ഹസാർഡാണ് ബെൽജിയത്തിന് നിർണായക ജയം സമ്മാനിച്ചത്. ടൈലേമാൻസാണ് ബെൽജിയത്തിന്റെ ആദ്യ ഗോൾ നേടിയത്. ചെറിഷേവാണ് റഷ്യയ്ക്കായി ഒരു ഗോൾ മടക്കിയത്. ബെൽജിയത്തിന് ലീഡ് വർദ്ധിപ്പിക്കാനുള്ള രണ്ടവസരങ്ങൾ തലനാരിഴയ്ക്ക് നഷ്ടമായി. ബാറ്റ്‌ഷുയിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിത്തതെറിച്ചപ്പോൾ, ഒരെണ്ണം ഗോൾ ലൈനിൽ വച്ച് സേവ് ചെയ്തു.
ഗ്രൂപ്പ് ഇയിൽ അസർബൈജാനെതിരെ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ വിറച്ചാണ് ജയിച്ചത്. സെയ്ഡയേവ് പത്തൊമ്പതാം മിനിറ്റിൽ നേടിയ ഗോളിൽ ക്രൊയേഷ്യയെ ഞെട്ടിച്ച് അസർബൈജാൻ ലീഡെടുത്തു. എന്നാൽ താളം വീണ്ടെടുത്ത ക്രൊയേഷ്യ 44-ാം മിനിറ്റിൽ ബെരിസിച്ചിലൂടെ ലീഡെടുത്തു. തുടർന്ന് രണ്ടാം പകുതിയിൽ 79-ാം മിനിറ്റിൽ ക്രമറിച്ച് ക്രൊയേഷ്യയുടെ വിജയ ഗോൾ നേടുകയായിരുന്നു.