atlto

ന്യൂഡൽഹി: കഴിഞ്ഞമാസം രാജ്യത്ത് വിറ്റഴിഞ്ഞ ടോപ് 10 കാറുകളിൽ ആറും മാരുതി സുസുക്കിയുടെ മോഡലുകൾ. ആദ്യ ആറുസ്ഥാനങ്ങളാണ് മാരുതി സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്. ഇടത്തരം കുടുംബങ്ങളുടെ ഇഷ്‌ട വാഹനമായ ഓൾട്ടോയാണ് 24,751 യൂണിറ്റുകളുടെ വില്‌പനയുമായി ഒന്നാംസ്ഥാനം നേടിയത്. മാരുതിയുടെ മറ്രൊരു ജനപ്രിയ ഹാച്ച്‌ബാക്കായ സ്വിഫ്‌റ്ര് 18,224 യൂണിറ്റുകളുടെ വില്‌പനയുമായി രണ്ടാംസ്ഥാനത്തുണ്ട്.

പ്രീമിയം ഹാച്ച്‌ബാക്കായ ബലേനോയാണ് മൂന്നാമത്. കഴിഞ്ഞമാസം 17,944 പുതിയ ബലേനോകൾ നിരത്തിലെത്തി. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഒന്നാമതായിരുന്ന സെഡാൻ മോഡലായ ഡിസയർ, ഇക്കുറി നാലാമതാണ്. വിറ്റഴിഞ്ഞത് 15,915 യൂണിറ്റുകൾ. 15,661 യൂണിറ്റുകളുടെ വില്‌പനയുമായി പുത്തൻ വാഗൺആർ ആണ് അഞ്ചാമത്. 11,613 യൂണിറ്റുകൾ വിറ്റഴിഞ്ഞ എസ്.യു.വി വിറ്റാര ബ്രെസ ആറാംസ്ഥാനം നേടി.

ഹ്യൂണ്ടായിയുട എലൈറ്ര് ഐ20 (11,547 യൂണിറ്റുകൾ), ക്രെറ്റ (10,206), ഗ്രാൻഡ് ഐ10 (9,065) എന്നിവയാണ് യഥാക്രമം ഏഴ് മുതൽ ഒമ്പതുവരെ സ്ഥാനങ്ങളിൽ. മഹീന്ദ്രയുടെ ബൊലേറോയെ പിന്തള്ളി ടാറ്റയുടെ ടിയാഗോ പത്താംസ്ഥാനത്തുമെത്തി. ഫെബ്രുവരിയിൽ പുതുതായി 8,286 ടിയാഗോകളാണ് നിരത്തിലെത്തിയത്.